തൃശൂര്‍ തിരുമുക്കുളത്ത് വ്യാപാരിക്കും കുടുംബത്തിനും നേരേ ആക്രമണം
തൃശൂര്‍ : മാള കുഴൂര്‍ തിരുമുക്കുളത്ത് വ്യാപാരിക്കും കുടുംബത്തിനും നേരേ നാലംഗ സംഘത്തിന്റെ ആക്രമണം. ജംഗ്ഷനില്‍ ബേക്കറി നടത്തുന്ന പാറേക്കാട്ട് ആന്റണി (60), ഭാര്യ കുസുമം, മക്കളായ അമര്‍ജിത്, അഭിജിത് എന്നിവരെയാണ് ആക്രമിച്ചത്.
നാട്ടുകാരായ ഡേവിസ്, ലിനു, ഷൈജു, ലിന്‍സണ്‍ എന്നിവര്‍ക്കെതിരെ മാള പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുഴൂര്‍ യൂണിറ്റ് ഇന്നലെ രാവിലെ മുതല്‍ ഉച്ചയ്ക്ക് 2 വരെ കട അടച്ചിട്ടു.
ആന്റണിയുടെ ബേക്കറിക്കു മുന്‍പില്‍ വച്ച് തിരുമുക്കുളം പള്ളി വികാരി ഫാ.ആന്റണി പോള്‍ പറമ്പേത്തിനോട് പ്രതികള്‍ തര്‍ക്കിക്കുകയും കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്യുന്നതിനിടെ ആന്റണി ഇടപെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ആന്റണിയെയും മക്കളെയും പ്രതികള്‍ ബേക്കറിയില്‍ അതിക്രമിച്ചു കയറി പഴക്കുലകള്‍ കൊണ്ടും ഇരുമ്പുവടി കൊണ്ടും സോഡാക്കുപ്പികൊണ്ടും ആക്രമിച്ചതായും ചില്ലു പാത്രങ്ങളും ചില്ലലമാരകളും അടിച്ചു തകര്‍ത്തതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്നീട് ആന്റണിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചതായും ആന്റണിയുടെ പോക്കറ്റിലുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടുവെന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ നാശ നഷ്ടങ്ങളുണ്ടായതായും പരാതിയിലുണ്ട്. പരുക്കേറ്റ ആന്റണിയും കുടുംബവും ആശുപത്രിയില്‍ ചികിത്സ തേടി.