നേമത്ത് കുടുംബവുമായി പിണങ്ങി കഴിയുന്ന അച്ഛനെ മൂന്നുമക്കള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പിച്ചു
തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി കഴിയുന്ന അച്ഛനെ മൂന്നുമക്കള്‍ ചേർന്ന് വെട്ടിപ്പരിക്കേല്‍പിച്ചു.നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയില്‍ വള്ളംകെട്ടുവിള ഭാഗത്ത് 'മുരുകൻ സ്‌ക്രാപ്പ് ഷോപ്പ് ' നടത്തുന്ന മുരുകനെ (55)നെയാണ് മക്കള്‍ ആക്രമിച്ചത്.
മുരുകന്റെ മക്കളും നെടുമങ്ങാട്, കരകുളം ഭാഗത്ത് താമസിക്കുന്നവരുമായ സെല്‍വി, ശിവ, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് വെട്ടിയത്. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയാണ് ഇദ്ദേഹം.
കടയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആക്രമിച്ചത്. വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഇവർ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു ദിവസം മുമ്പ് പണം ആവശ്യപ്പെട്ട് മക്കള്‍ കടയിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
.jpg)

