ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് കടമ്പകൾ; ഡിസംബർ മുതൽ പുതിയ നിയമം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ നിർണ്ണായക മാറ്റം വരുന്നു. നിലവിലുള്ള ലേണേഴ്‌സ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് പുറമെ ഇനി മുതൽ 'ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്' (Hazard Perception Test) കൂടി പാസാകേണ്ടി വരും. റോഡിലെ അപകടസാധ്യതകളും പ്രതിസന്ധികളും മുൻകൂട്ടി തിരിച്ചറിഞ്ഞ് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവ് ഉറപ്പാക്കുന്നതിനായാണ് മോട്ടോർ വാഹന വകുപ്പ് ഈ പുതിയ പരീക്ഷാരീതി നടപ്പിലാക്കുന്നത്.
പുതിയ പരീക്ഷാരീതി ഇങ്ങനെ: സാധാരണയായി ലേണേഴ്‌സ് ടെസ്റ്റ് പാസായി 30 ദിവസം പൂർത്തിയാകുമ്പോൾ ഗ്രൗണ്ട് (എച്ച് ടെസ്റ്റ്), റോഡ് ടെസ്റ്റുകൾക്കായി അപേക്ഷ നൽകാമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ ലേണേഴ്‌സ് ടെസ്റ്റിന് ശേഷം ആദ്യം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് പാസാകണം. ഇതിൽ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഈ പരീക്ഷ നടത്തുന്നത്. വിവിധ അപകട സാഹചര്യങ്ങൾ ചിത്രീകരിച്ച 10 വീഡിയോകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക. ഈ വീഡിയോകൾ സൂക്ഷ്മമായി നിരീക്ഷിച്ച് അപകടസാധ്യതയുള്ള സാഹചര്യങ്ങൾ കൃത്യസമയത്ത് അടയാളപ്പെടുത്തുകയാണ് അപേക്ഷകർ ചെയ്യേണ്ടത്. 100 മാർക്കിന്റെ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്നവർ വിജയിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഡ്രൈവിങ് ലൈസൻസിനായി ഇത്തരമൊരു പരീക്ഷ നിർബന്ധമാക്കുന്നത്.
.jpg)

