നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ച സംഭവം ; പ്രതി സുഹൈല്‍ സജീവിന്റെ സുഹൃത്തും പിടിയില്‍

nedumbassery

സുഹൈല്‍ സജീവ്(19) അമിതവേഗത്തില്‍ ഓടിച്ച മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ചത്.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ സുഹൃത്തും പിടിയില്‍. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് ഞായറാഴ്ച രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്നത് നിനവ് ആയിരുന്നു.
അതിനിടെ, നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. എറണാകുളത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 

സുഹൈല്‍ സജീവ്(19) അമിതവേഗത്തില്‍ ഓടിച്ച മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ചത്. കൊച്ചിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം.

അപകടസ്ഥലത്ത് ഓടിക്കൂടിയവരോട് തട്ടിക്കയറിയ മിനികൂപ്പര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അമിത വേഗം പതിവാക്കിയ പ്രതി 215 കിലോമീറ്റര്‍ വേഗതിയില്‍ കാറോടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്റെയും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈന്‍സിന്റെ ഉടമ നൂഹ സജീവിന്റെയും മകനാണ് സുഹൈല്‍ സജീവ്. കൊച്ചിയിലെ സ്വകാര്യകോളേജില്‍ ബികോം വിദ്യാര്‍ഥിയാണ്.

Tags