പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിൽ കുട്ടികളെ മർദിച്ച മൂന്നു പ്രതികൾ അറസ്റ്റിൽ

arrest

പതിനേഴുകാരനെ ചൂരൽ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്ന് എഫ്ഐആറിൽ പറയുന്നത്

പത്തനംതിട്ട: പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിൽ കുട്ടികളെ മർദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിൽ ആയത്. മൂന്നു പ്രതികളെയും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. കട്ടപ്പന പൊലീസും ഇലവുംതിട്ട പൊലീസും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കോട്ടയം, കടപ്പന സ്വദേശികളായ കുട്ടികളുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. കോട്ടയം സ്വദേശിയായ 17കാരനെ ഉപദ്രവിച്ച ശേഷമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയെ ശിശുക്ഷേമ സമിതി മറ്റൊരു ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിരുന്നു. ക്രൂരമായ മർദനമാണ് കുട്ടികൾ ഏറ്റുവാങ്ങിയത്.ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം എന്ന് ഓമല്ലൂർ പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചിരുന്നു.

പതിനേഴുകാരനെ ചൂരൽ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്ന് എഫ്ഐആറിൽ പറയുന്നത്.സ്ഥാപന ഉടമ ബിനു പാസ്റ്റർക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ബിനു ഇന്ന് വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാർത്താ സമ്മേളനം റദ്ദാക്കിയിരുന്നു.

Tags