മതരാഷ്ട്ര വാദികളുടെ കൂട്ടുപിടിച്ച് താല്‍ക്കാലികവിജയങ്ങളും ലാഭങ്ങളും ഉണ്ടാക്കിയവര്‍ ജാഗ്രതൈ; കെ എസ് അരുണ്‍ കുമാര്‍
കേരളത്തില്‍ 345 ഓളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഉള്ളതില്‍ ഒരു ഡിവിഷനില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത് എന്നുള്ളത് ശ്രദ്ധേയമാണ്.
തിരിച്ചടികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അതില്‍ നിന്ന് പാഠം പഠിച്ച് തിരുത്തലുകള്‍ വരുത്തി കൂടുതല്‍ കരുത്തോടെ തിരിച്ചു വന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉള്ളതെന്ന് സിപിഐഎം നേതാവ് അഡ്വ കെ എസ് അരുണ്‍ കുമാര്‍.
കെ എസ് അരുണ്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
tRootC1469263">ഞങ്ങളെ എഴുതിത്തള്ളാന്‍ വരട്ടെ.......
ഇത് ചുവന്നു തുടുത്ത കൊടുങ്ങല്ലൂര്‍
ഇത് കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ വന്‍ വിജയം നേടിയതിനുശേഷമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ റാലിയാണിത്. ഇത്തവണ കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ നഗരസഭയും തൃശ്ശൂര്‍ കോര്‍പ്പറേഷനും ബിജെപി പിടിക്കും എന്ന രൂപത്തിലുള്ള വലിയ പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞതവണ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റിന്റെ വ്യത്യാസമാണ് ഇടതുപക്ഷവും ബിജെപിയും തമ്മിലുണ്ടായിരുന്നത്. ഇത്തവണ വലിയ വ്യത്യാസത്തോടെ തന്നെ ഭരണം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലും സ്ഥിതി വ്യത്യസ്തം അല്ല. കഴിഞ്ഞതവണ രണ്ടു മുന്‍സിപ്പാലിറ്റിയാണ് ബിജെപിക്ക് കേരളത്തില്‍ ലഭിച്ചത് അതില്‍ പന്തളം മുന്‍സിപ്പാലിറ്റി അവര്‍ക്ക് നഷ്ടപ്പെട്ടു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ കേവലപൂരിപക്ഷം നഷ്ടമായി. ശബരിമലയുടെ ചുറ്റുപാടുമുള്ള കുളനട, ചെറുകോല്, മുത്തോലി പഞ്ചായത്തുകളില്‍ ഭരണം ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. രാഷ്ട്രീയ വോട്ടുകള്‍ പ്രതിഫലിക്കുന്നത് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ആണ് എന്ന് ഏവര്‍ക്കും അറിവുള്ളതാണ്. കേരളത്തില്‍ 345 ഓളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഉള്ളതില്‍ ഒരു ഡിവിഷനില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത് എന്നുള്ളത് ശ്രദ്ധേയമാണ്.
ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് കീഴടക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് പിടിക്കാന്‍ കഴിഞ്ഞത് ഏറ്റവും ഗൗരവമുള്ള കാര്യം തന്നെയാണ്. വര്‍ഗീയശക്തികളുടെ ദുഷ്പ്രചരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ടു പോകാതിരിക്കാന്‍ ഉള്ള ജാഗ്രത ശക്തമാക്കും. എല്ലാത്തരം വര്‍ഗീയതകള്‍ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രാദേശികമായി ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും. സംസ്ഥാന സര്‍ക്കാരിനോടുള്ള വിധിയെഴുത്ത് അല്ലെങ്കിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തുകൊണ്ട് വോട്ടിംഗില്‍ പ്രതിഫലിച്ചില്ല എന്ന കാര്യം പ്രത്യേകം പരിശോധിക്കും. സംഘടനാതലത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസ്സിലാക്കിക്കൊണ്ട് കൂടുതല്‍ ശക്തമായി മുന്നോട്ടു പോകും. ജനവിശ്വാസം കൂടുതല്‍ നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍തലത്തിലും സംഘടനാ തലത്തിലും നടത്തി തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടികള്‍ പരിശോധിച്ചു ആവശ്യമായ ഇടപെടലുകള്‍ നടത്തി പാര്‍ട്ടി കരുത്തോടെ തിരിച്ചു വരിക തന്നെ ചെയ്യും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വെള്ളത്തിലെ മത്സ്യങ്ങള്‍ പോലെയാണ്. വെള്ളത്തിലെ മത്സ്യത്തെ പിടിച്ച് കരക്കിട്ടാല്‍ അവ നിമിഷങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും ജനങ്ങളില്‍ നിന്ന് അകന്നാല്‍ പിന്നെ അവര്‍ക്ക് നിലനില്‍പ്പില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. ആ ജനങ്ങള്‍ എന്നും നല്‍കിയ കരുതലും കരുത്തും ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ നിരവധി തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട് ആ തിരിച്ചടികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അതില്‍ നിന്ന് പാഠം പഠിച്ച് തിരുത്തലുകള്‍ വരുത്തി കൂടുതല്‍ കരുത്തോടെ തിരിച്ചു വന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉള്ളത്.
2019-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും പരാജയപ്പെട്ട് 140 ല്‍ 111 നിയമസഭാ മണ്ഡലങ്ങളിലും പുറകില്‍ പോയപ്പോള്‍ ഇനി ഇടതുപക്ഷത്തിന്റെ പ്രസക്തി എന്ത് എന്ന് ചോദിച്ചവരുണ്ട്. മാസങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ വന്‍ വിജയം നേടിയാണ് നമ്മള്‍ ചരിത്രം കുറിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച നേടിയത്.
തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത സാഹചര്യം ഞങ്ങള്‍ അംഗീകരിക്കുകയാണ്. ഞങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പരിഹരിക്കാന്‍ പാകത്തിനുള്ള ശക്തമായ സംഘടനാ സംവിധാനം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വാസത്തോടെ എല്ലാ കുറവുകളും പരിഹരിച്ച് ഞങ്ങള്‍ തിരിച്ചു വരിക തന്നെ ചെയ്യും. എന്നാല്‍ ഇടതുപക്ഷത്തെ എഴുതിത്തള്ളാന്‍ വെമ്പല്‍ കൊള്ളുന്നവരോട് ഒന്നു പറയാനുണ്ട്, വര്‍ഗീയതയ്ക്ക് ബദല്‍ വര്‍ഗീയതയല്ല മാനവികതയും മനുഷ്യസ്നേഹവും ആണ്. ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് ബിജെപിയും കോണ്‍ഗ്രസും ന്യൂനപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് കോണ്‍ഗ്രസും ലീഗും ഈ തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയതക്കെതിരെ ഞങ്ങള്‍ നടത്തിയ നിരന്തരമായി ഉള്ള പോരാട്ടത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നിരവധി കുടില തന്ത്രങ്ങള്‍ മെനഞ്ഞു. അത് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വസിപ്പിക്കുവാനും ഇവര്‍ക്ക് കഴിഞ്ഞു എന്നത് ശരിയാണ്. അത്തരം കുല്‍സിത തന്ത്രങ്ങളെ കുറിച്ച് ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കും. വര്‍ഗീയതയുള്ള പോരാട്ടം ഒരു തെരഞ്ഞെടുപ്പ് കാലത്തെ മാത്രമാശ്രയിച്ചുകൊണ്ട് നടത്തുന്നതല്ല. വര്‍ഗീയതയ്ക്ക് എതിരായ നിരന്തരമായ പോരാട്ടം ഈ രാജ്യത്തിന്റെ ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും മാനവികതയും മനുഷ്യ സ്നേഹവും സംരക്ഷിക്കാനും ഈ രാജ്യത്തിന്റെ നിലനില്‍പ്പിനും വേണ്ടിയിട്ടാണ്. ഏതു തെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടായാലും മതരാഷ്ട്ര വാദികള്‍ക്കെതിരെയുള്ള പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.
മതരാഷ്ട്ര വാദികളുടെ പരസ്യ പിന്തുണയോടെ തെരഞ്ഞെടുപ്പ് വിജയം നേടിയവര്‍ അത് വലിയരൂപത്തില്‍ ആഘോഷിക്കുമ്പോള്‍ ഒരൊറ്റ ചോദ്യം മതനിരപേക്ഷവാദികളായ മനുഷ്യസ്നേഹികളുടെ ഇടയില്‍ മുഴങ്ങി കേള്‍ക്കുകയാണ്. 1957 ല്‍ ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ ഭരണഘടനയില്‍ നിന്ന് 'മതരാഷ്ട്ര നിര്‍മതി ' എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും അവര്‍ പിന്നോട്ട് പോയതായി ഒരു ഘട്ടത്തിലും അവര്‍ പറഞ്ഞിട്ടില്ല. 2014 ജനുവരി 28ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യഥാക്രമം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായി ഭരിക്കുമ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത മതതീവ്രവാദ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് സൂചിപ്പിച്ചത് ഇപ്പോഴും ഒരു പൊതു രേഖയായി സമൂഹത്തിലുണ്ട്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഒരു മതരാഷ്ട്ര വാദികള്‍ അല്ല എന്ന് പത്രസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചതിന്റെ പിന്നിലുള്ള യുക്തി എന്താണ് എന്ന് നിങ്ങള്‍ ഈ നാടിനോട് മറുപടി പറയുക തന്നെ ചെയ്യേണ്ടിവരും. മതരാഷ്ട്ര വാദികളുടെ കൂട്ടുപിടിച്ച് താല്‍ക്കാലികവിജയങ്ങളും ലാഭങ്ങളും ഉണ്ടാക്കിയവര്‍ ജാഗ്രതൈ....
അഡ്വ. കെ എസ് അരുണ്‍ കുമാര്‍
.jpg)


