'ആ ആശങ്ക ചില മോഹഭംഗങ്ങളില്‍ നിന്നുദിച്ചതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകും'; അലോഷ്യസ് സേവ്യറിനെതിരെ കെഎസ്യു നേതാവ്
വ്യക്തി താല്‍പര്യത്തിനും മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അത് കേരളത്തിലെ മുഴുവന്‍ കെഎസ്യു പ്രവര്‍ത്തകരുടെ ചിലവില്‍ വേണ്ടെന്നും മുബാസ് ഓടക്കാലി കുറിച്ചു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് ഒരു പരാതി പോലും നല്‍കാതെ പൊതുമധ്യത്തിലുള്ള ആക്ഷേപം സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് വിമര്‍ശനം. നിയമനത്തിന്റെ പാപഭാരം മുഴുവന്‍ മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ വ്യഗ്രത കാണിക്കുകയാണ്. ഈ ആശങ്ക ചില മോഹഭംഗങ്ങളില്‍ നിന്ന് ഉദിച്ചതാണ്. വ്യക്തി താല്‍പര്യത്തിനും മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അത് കേരളത്തിലെ മുഴുവന്‍ കെഎസ്യു പ്രവര്‍ത്തകരുടെ ചിലവില്‍ വേണ്ടെന്നും മുബാസ് ഓടക്കാലി കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമര്‍ശനം നടത്തിയിരുന്ന മഹത്തായ പാരമ്പര്യം പേറുന്ന ഒരു പ്രസ്ഥാനത്തെ 'ചിലര്‍' സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോള്‍ നാവുയര്‍ത്താതിരിക്കാന്‍ സാധ്യമല്ല. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു ഇത്രയധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയേയോ,കെപിസിസി നേതൃത്വത്തേയോ നേരിട്ട് കണ്ട് ഒരു പരാതി പോലും നല്‍കാതെ പകരം തുടക്കത്തില്‍ തന്നെ പൊതുമധ്യത്തില്‍ നിരന്തരമായി ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന സാഹചര്യമുണ്ടായപ്പോള്‍ മാത്രം, മുഖ്യമന്ത്രിയെ കാണാന്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുന്നത് ചില സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ ഇതുവരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് എവിടേയും ഒരക്ഷരവും സംസാരിച്ച് കണ്ടില്ല. സ്വാഭാവികമായും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട പാര്‍ട്ടി പരിഗണിക്കുന്നത് ലോയേഴ്‌സ് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റ് ആണ്. കെ.എസ്.യുവിനെ പരിഗണിച്ചില്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന കെ.എസ്.യൂ പ്രസിഡണ്ട് ഔദ്യോഗികമായി ഇതുവരെയും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഡ്രൈവര്‍മാര്‍ തുടങ്ങി പല തരത്തിലുള്ള നിയമനങ്ങളിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരുടെ വികാരം സംരക്ഷിക്കാന്‍ തോന്നാത്ത, തെരുവില്‍ ചോര ചിന്തയവര്‍ക്കായി പരസ്യ പ്രതികരണം നടത്തണമെന്ന് തോന്നാത്തവര്‍ക്ക് ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ മാത്രം ഇത്തരമൊരു ആശങ്കയുള്ളൂ എന്നതാണ് ശ്രദ്ദേയം. ആ ആശങ്ക ചില മോഹഭംഗങ്ങള്‍ നിന്നുദിച്ചുയര്‍ന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകും.
ഇത്തരം ഗൗരവമായ ഒരു വിഷയത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ പൊതു പരിപാടി നടക്കുന്നിടത്ത് സകല മാധ്യമങ്ങളെയും സാക്ഷ്യം നിര്‍ത്തി മുന്നില്‍ ചെന്ന് നില്‍ക്കുകയല്ല വേണ്ടത്. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണമല്ല ഇന്ന് കേരളത്തില്‍. ഏതൊരു സാധാരണക്കാരനും കാണാനും ആശങ്കകള്‍ അറിയിക്കാനും അവസരമുള്ള ഒരു മുഖ്യമന്ത്രിയാണ് കസേരയില്‍. അങ്ങനെയുള്ള ഒരാളെ കാണാന്‍ ബോധപൂര്‍വ്വം ഇത്തരമൊരു അവസരം തെരഞ്ഞെടുത്തതിലൂടെ ഒരു കാര്യം കൂടി വ്യക്തമാണ്. സംഘടനയോ പ്രവര്‍ത്തകരോ പ്രവര്‍ത്തക വികാരമോ പ്രശ്‌നപരിഹാരമോ ഒന്നുമല്ല പ്രഥമ പരിഗണനകള്‍.
വ്യക്തി താല്‍പര്യങ്ങള്‍ക്കും അനാവശ്യ മാധ്യമ ശ്രദ്ധക്കും വേണ്ടി മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ഇരുട്ടില്‍ നിര്‍ത്തുക. അത്രമാത്രം. പക്ഷേ അത് കേരളത്തിലെ മുഴുവന്‍ കെ.എസ്.യൂ പ്രവര്‍ത്തകരുടേയും ചിലവില്‍ വേണ്ട. ഈ പതാക അത്തരം ഗൂഢ ലക്ഷ്യങ്ങള്‍ക്ക് തണലൊരുക്കില്ല.
.jpg)

