മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവരാണ് ഭരണം ലഭിച്ചപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വരി നില്‍ക്കുന്നത് '; സര്‍ക്കാരിനെതിരെ പിണറായി വിജയന്‍
ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച 'വാഗ്ദാനം മറന്ന് യുഡിഎഫ് തുടക്കം' എന്ന ലേഖനത്തിലാണ് വിമര്‍ശനം
തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് അനഭിമതനായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവരാണ് ഭരണം ലഭിച്ചപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വരി നില്‍ക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച 'വാഗ്ദാനം മറന്ന് യുഡിഎഫ് തുടക്കം' എന്ന ലേഖനത്തിലാണ് വിമര്‍ശനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസമായ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
'എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന് നേതൃത്വം നല്‍കുന്ന തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ വീട്ടിലെത്തി അഭിവാദ്യം അര്‍പ്പിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ പ്രചരണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണോ ഇത് വ്യക്തമാക്കുന്നത്?' പിണറായി വിജയന്‍ ചോദിച്ചു. തുടക്കത്തില്‍ തന്നെ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നുവെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
'നെഹ്റൂവിയന്‍ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതിന് കടകവിരുദ്ധമാണ് തീരുമാനമെന്നതിന് ഉദാഹരണമാണ് ധവളപത്രം. വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം എന്നീ അടിസ്ഥാനമേഖലകള്‍ മുതല്‍ കരിമണല്‍ഖനനവും വിമാനത്താവളങ്ങളും തീരദേശവും തുറമുഖങ്ങളും ഉള്‍പ്പെടുന്ന തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് ധവളപത്രത്തിലൂടെ മറനീക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനും പ്രകൃതിസമ്പത്ത് സ്വകാര്യകമ്പനികള്‍ക്ക് ചൂഷണം ചെയ്യാനും വഴിയൊരുക്കുന്നവരാണോ നെഹ്റുവിയന്‍ സോഷ്യലിസ്റ്റുകള്‍', പിണറായി വിജയന്‍ ചോദിച്ചു.
കേന്ദ്രത്തിന്റെ വിവേചന സമീപനത്തോടുള്ള മൗനത്തില്‍ ഒതുങ്ങുന്നതല്ല യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ണമായും സംഘപരിവാറിന് വഴങ്ങിക്കൊടുക്കുന്ന ഒന്നാക്കി മാറ്റിയെന്നും മതനിരപേക്ഷ ജനാധിപത്യത്തിന് മുറിവേല്‍പ്പിച്ച നടപടി സംഘപരിവാര്‍ നേട്ടമായി ആഘോഷിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ വരുതിയിലാക്കാനുള്ള കേന്ദ്ര ശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രതിരോധങ്ങള്‍ തുടക്കത്തില്‍ തന്നെ ഈ സര്‍ക്കാര്‍ തകര്‍ത്തെന്നും വിമര്‍ശനമുണ്ട്. ആര്‍എസ്എസ് പരിപാടിയില്‍ മൂന്ന് വിസിമാര്‍ പങ്കെടുത്തതില്‍ സര്‍ക്കാര്‍ മൗനം വെടിഞ്ഞത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധത്തിനൊടുവിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പിഎം ശ്രീ വിഷയത്തില്‍ വലിയ കോലാഹലമാണ് യുഡിഎഫ് നടത്തിയത്. എല്‍ഡിഎഫ് ആദ്യം എംഒയു ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. രേഖാമൂലം തന്നെ കേന്ദ്രത്തിന് കത്തയച്ച് പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പദ്ധതി നടപ്പാക്കാതെ പറ്റില്ലെന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. നെഹ്റൂവിയന്‍ സോഷ്യലിസമല്ല നടപ്പാക്കാന്‍ പോകുന്നത്. വലതുപക്ഷ കോര്‍പ്പറേറ്റ് ദാസ്യമാണ് യുഡിഎഫ് നടപ്പാക്കുന്നത്. യുഡിഎഫ് വാഗ്ദാനങ്ങളെല്ലാം കേവലം വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. യുഡിഎഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം കേരളം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കംവെക്കാനുള്ള മുദ്രാവാക്യം മാത്രമാണെന്ന സൂചനയാണ് കഴിഞ്ഞ ഒരു മാസം വെളിവാക്കുന്നത്', പിണറായി വിജയന്‍ ലേഖനത്തില്‍ പറയുന്നു.
.jpg)

