'ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല, ടീം യുഡിഎഫാണ്'; മന്ത്രിസഭയിൽ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനങ്ങൾ ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ വിശദമായ ചർച്ചകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും, ചർച്ചകൾക്ക് ശേഷം ഐക്യകണ്ഠേനയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റിൽനിന്ന് കടലാസ് എടുത്ത് നൽകുമ്പോൾ അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യുഡിഎഫാണ്. ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കങ്ങളുണ്ടായി. അത് അഭിമാനത്തോടെ അംഗീകരിക്കുന്നു," മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും അഭിപ്രായം തുറന്നുപറയാം. അനിൽകുമാറിന് അഭിപ്രായ വ്യത്യാസമുണ്ടാകാം, അത് തള്ളിക്കളയുന്നതല്ല തന്റെ രീതിയെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ അത് കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് ഒരു മണിക്കൂറോളം മന്ത്രിസഭയിൽ ചർച്ച നടന്നതായി മുഖ്യമന്ത്രി വിശദീകരിച്ചു. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയും തർക്കിക്കുകയും ചെയ്തു. ഒടുവിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിക്കുകയും അവസാന തീരുമാനമെടുക്കാൻ തന്നോട് ആവശ്യപ്പെടുകയുമായിരുന്നു. എൽപിഎസ്ടി സമരത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തിലാണ് സർക്കാരിന് ആശങ്കയുള്ളത്. സമരക്കാരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും, ചർച്ചയിൽ സർക്കാർ എടുക്കേണ്ട നിലപാടുകളാണ് യോഗത്തിൽ ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും ജൂനിയറായ മന്ത്രി ജനീഷ് വരെ തന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്നും, അങ്ങനെ പറയുമ്പോഴാണ് നല്ല നിർദ്ദേശങ്ങൾ ഉണ്ടാവുകയെന്നും സതീശൻ പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നത് താൻ ആസ്വദിക്കാറുണ്ട്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് യുഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്; ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഈ സംവിധാനം എന്നേ തകർന്നുപോയേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തെറ്റായ കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത്. ദേവസ്വത്തിലെ നിയമന ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നല്ല, മറിച്ച് ദേവസ്വം വകുപ്പിൽ നിന്നാണ് വരുന്നത്. നിയമന ഫയലിൽ ഒപ്പിടേണ്ട മന്ത്രിമാർ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ഒപ്പിടാൻ അല്പം വൈകിയത്. മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ എല്ലാ ഹിന്ദു മന്ത്രിമാരും ഫയലിൽ ഒപ്പിട്ടെന്നും, ഇതുസംബന്ധിച്ച് യാതൊരുവിധ തർക്കവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
.jpg)

