'ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തതിന് മകളെ തീ കൊളുത്തി കൊന്നു'; അഞ്ജുവിന്റെ മരണത്തില്‍ ആരോപണവുമായി പിതാവ്

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കുളിമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജുവിന്റെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍. കഴക്കൂട്ടം പുത്തന്‍തോപ്പില്‍ രാജു ജോസഫിന്റെ ഭാര്യയാണ് അഞ്ജു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ജുവിന്റെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.
അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ് പ്രമോദ് ആരോപിച്ചു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ മകള്‍ ചോദ്യം ചെയ്തിരുന്നു. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കൊന്നതാണ്. തന്റെ മുന്നില്‍ വെച്ചും മകളെ ഭര്‍ത്താവ് പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു.
നിരവധി തവണ മകള്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. മകളെ തീ കൊളുത്തി കൊലപ്പെടുത്തിയതാണ്. പിന്നീട് ഇത് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ഭര്‍ത്താവ് നാടകം കളിച്ചുവെന്നുമാണ് പ്രമോദ് ആരോപിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
താന്‍ വീടിന് പുറത്തുപോയിരിക്കുകയായിരുന്നുവെന്നും, തിരികെ വന്നപ്പോള്‍ വീടിന്റെ കുളിമുറിയില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് ഓടിച്ചെന്നപ്പോള്‍ ഭാര്യയും കുഞ്ഞും പൊള്ളലേറ്റ് കിടക്കുന്നതാണ് കണ്ടതെന്നുമാണ് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇയാള്‍ പറയുന്നു.