തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷം ; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഹോസ്റ്റലിനുള്ളിലേക്ക് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്. മദ്യക്കുപ്പികൾ ഹോസ്റ്റലിൽ എങ്ങനെ എത്തിയെന്നതും, പുറത്തുള്ളവർക്ക് അതിനുള്ളിൽ പ്രവേശനം ലഭിച്ചതെങ്ങനെയെന്നും സമിതി പരിശോധിക്കും. കൂടാതെ ഹോസ്റ്റലിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ‘റെസിസ്റ്റൻസ് മാർച്ച്’ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിൽ എത്തിയപ്പോഴാണ് തെരുവ് യുദ്ധത്തിന് സമാനമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പികളും എറിഞ്ഞെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ സമരക്കാർ തീപ്പന്തങ്ങൾ അടക്കം ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് വിദ്യാർത്ഥികളും തിരിച്ചടിക്കുന്നു.
തുടർന്ന് കോളേജ് കാമ്പസിൽ അതിക്രമിച്ചുകടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തർ കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചു. ഇരുവിഭാഗവും തമ്മിൽ കല്ലേറും ഏറ്റുമുട്ടലുമുണ്ടായതോടെ അരമണിക്കൂറോളം തലസ്ഥാനം കലാപഭൂമിയായി. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
.jpg)

