തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം ; 61-കാരിയുടെ കൈവിരൽ കടിച്ചെടുത്തു

dog

 തിരുവനന്തപുരം : പൂവച്ചൽ പേഴുമട്ടിൽ തെരുവുനായയുടെ ആക്രമണം. നായയുടെ ആക്രമണത്തിൽ 61-കാരിയായ ഓമന എന്ന വീട്ടമ്മയുടെ ഇടതു കൈവിരൽ നായ കടിച്ചെടുത്തു. ഓമനയെ കൂടാതെ പ്രദേശവാസികളായ മറ്റ് മൂന്ന് പേർക്ക് കൂടി നായയുടെ കടിയേറ്റിട്ടുണ്ട്. ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ (67), സമീപവാസികളായ ഷാമില ബീവി (51), ഇവരുടെ ഭർത്താവ് മാഹിൻ കണ്ണ് (56) എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ ഭീതി പരത്തിയ ഈ നായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി അധികൃതർ ഇതിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പേഴുമട്ടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വല്ലാതെ രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രദേശത്ത് പന്ത്രണ്ടോളം പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

Tags