തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ നിന്ന് പോക്സോ അതിജീവിതയെ കാണാതായി ; പുറത്തുവന്നത് ഗുരുതര സുരക്ഷാവീഴ്ചകൾ
തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രിയിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പുറത്തുപോയ സംഭവത്തിന് പിന്നാലെ പുറത്തുവരുന്നത് സുരക്ഷാ ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേടുകളും മോഷണങ്ങളും ഉൾപ്പെടെയുള്ള നിരവധി പരാതികളാണ്.
വനിതാ-ശിശു വികസന വകുപ്പിന്റെ കീഴിൽ നെട്ടയത്തുള്ള സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വയനാട് സ്വദേശിനിയായ ദളിത് പെൺകുട്ടിയെയാണ് ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയിലെത്തിച്ചത്. കൂടെയുണ്ടായിരുന്ന സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരിയുടെ ശ്രദ്ധയിൽപ്പെടാതെ പെൺകുട്ടി ആശുപത്രിയിൽനിന്ന് പുറത്തുപോയി. വീട്ടിലേക്ക് വിളിക്കാൻ മൊബൈൽ ഫോൺ ആവശ്യപ്പെട്ടതായും കോഴിക്കോട്ടേക്കുള്ള ട്രെയിൻ സമയങ്ങൾ അന്വേഷിച്ചതായും പോലീസ് പറയുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ വയനാട്ടിലെ വീട്ടിലേക്ക് പോയെന്നാണ് വിവരം. ആശുപത്രി അധികൃതരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വീട്ടിലുണ്ടെന്ന് കണ്ടെത്തിയതോടെ കുട്ടിയെ തിരികെ കൊണ്ടുവരാൻ മെഡിക്കൽ കോളേജ് പോലീസ് സംഘം വയനാട്ടിലേക്ക് തിരിച്ചു. എന്നാൽ, പ്രധാനവാതിലിലൂടെയല്ല, പിൻവാതിലിലൂടെയാണ് പെൺകുട്ടി പുറത്തുപോയതെന്നും ആശുപത്രിയിൽ നൽകിയ വസ്ത്രം മാറ്റി സ്വന്തം വസ്ത്രം ധരിച്ചിരുന്നുവെന്നും എസ്.എ.ടി. സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് വ്യക്തമാക്കി. കോടതിയുടെ നിർദേശപ്രകാരമാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പുറത്തുനിന്ന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സുരക്ഷാസംവിധാനങ്ങൾ സമഗ്രമായി വിലയിരുത്തുമെന്നും സൂപ്രണ്ട് അറിയിച്ചു.
സംഭവം ഒറ്റപ്പെട്ട സുരക്ഷാവീഴ്ച മാത്രമല്ലെന്ന പരാതികളും ഇതിനുപിന്നാലെ ഉയരുന്നുണ്ട്. മെഡിക്കൽ കോളേജിലും എസ്.എ.ടി.യിലും സുരക്ഷാജീവനക്കാരെ നിയമിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുന്നതായാണ് പ്രധാന ആരോപണം. കോടതിയുടെയും സർക്കാരിന്റെയും ഉത്തരവനുസരിച്ച് വിമുക്തഭടന്മാരെ കെക്‌സ്‌കോൺ മുഖേനയാണ് സുരക്ഷാജോലിക്ക് നിയമിക്കേണ്ടത്. എന്നാൽ, എസ്.എ.ടി.യിലെ അമ്പതിലേറെ സുരക്ഷാജീവനക്കാരിൽ പത്തിൽ താഴെ പേർ മാത്രമാണ് വിമുക്തഭടന്മാരെന്നാണ് റിപ്പോർട്ട്. ശുചീകരണ തസ്തികകളിൽ നിയമിച്ച താത്കാലിക ജീവനക്കാരെ സുരക്ഷാജോലിക്കും നിയോഗിക്കുന്നതായും ആരോപണമുണ്ട്. മെഡിക്കൽ കോളേജിലെ പേവാർഡുകളിൽ രോഗികളിൽനിന്ന് പണവും മൊബൈൽ ഫോണുകളും മോഷണം പോയ സംഭവങ്ങളും ബൈക്ക് മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ ബന്ധുക്കളെ താത്കാലിക സുരക്ഷാജീവനക്കാർ ആക്രമിച്ചതായുള്ള പരാതികളും നേരത്തെയുണ്ടായിരുന്നു. ചില ജീവനക്കാർ പണം വാങ്ങി ആളുകളെ ആശുപത്രിക്കുള്ളിലേക്ക് കടത്തിവിടുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
.jpg)

