നിലത്ത് വീണിട്ടും കൈയിലെ 40 പവൻ അടങ്ങിയ ബാഗ് കൈവിട്ടില്ല; തിരുവനന്തപുരത്ത് കവർച്ചക്കെത്തിയവർ പിടിയിൽ

arrest1

തിരുവനന്തപുരം: സ്കൂട്ടർ യാത്രികനെ ബൈക്ക് ഇടിച്ചുവീഴ്ത്തി 40 പവന്റെ സ്വർണം കവരാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പോലീസിന്റെ പിടിയിൽ. ചൊവ്വാഴ്ച രാത്രി ഏഴോടെ നീറമൺകരയ്ക്കുസമീപം ദേശീയപാതയിലായിരുന്നു സംഭവം. പള്ളിച്ചൽ അരിക്കടമുക്ക് ചാനൽക്കരവീട്ടിൽ ഷാനവാസ് (26), പള്ളിച്ചൽ പഴയ രാജപാത തുളസിവീട്ടിൽ കൃഷ്ണൻ (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

tRootC1469263">


കരമനയിലുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായ രാകേഷ് തമ്പി എന്നയാളെ പിന്തുടർന്നായിരുന്നു കവർച്ചാശ്രമം നടന്നത്.40 പവനിലേറെ ആഭരണങ്ങളടങ്ങിയ ബാഗുമായി കാരയ്ക്കാമണ്ഡപത്തുനിന്ന് കരമനയിലേക്ക് സ്കൂട്ടറിൽ പോയ രാകേഷിനെ പ്രതികൾ ബൈക്കിൽ പിന്തുടർന്നശേഷം നീറമൺകരയ്ക്കു സമീപമെത്തിയപ്പോൾ പുറകിൽ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന രാകേഷിൽനിന്ന് ബാഗ് കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും അയാൾ പ്രതിരോധിക്കുകയായിരുന്നു. സ്വർണമടങ്ങിയ ബാഗുമായാണ് ഇയാൾ സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ചാശ്രമം.

സംഭവംകണ്ട് നാട്ടുകാരും പോലീസും എത്തി ഷാനവാസിനെ സംഭവസ്ഥത്തുവെച്ചുതന്നെ പിടികൂടി. ബൈക്കിൽ രക്ഷപ്പെട്ട പ്രതി കൃഷ്ണനെ ബുധനാഴ്ച പേരൂർക്കടയിൽ ഒളിവിൽ കഴിഞ്ഞിരുന്നയിടത്തുനിന്ന് കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags