തിരുവനന്തപുരത്ത് വധശ്രമക്കേസിലെ പ്രതികൾ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: അഴിയൂരിൽ വധശ്രമക്കേസിലെ പ്രതികൾ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ചു. അഴിയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിനുവിനാണ് വെട്ടേറ്റത്.
കൊല്ലം സ്വദേശിയായ അനസ് ഖാൻ, തിരുവനന്തപുരം സ്വദേശിയായ ദേവനാരായണൻ എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി പത്തരയോടെ അഴിയൂർ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം.
വ്യത്യസ്ത കേസുകളിൽ കസ്റ്റഡിയിലെടുത്ത് അഴിയൂർ സ്റ്റേഷനിലേക്ക് കൊണ്ടു വരുമ്പോഴാണ് പ്രതികൾ പൊലീസുകാരെ ആക്രമിച്ചത്. ബാഗിൽ സൂക്ഷിച്ചിരുന്ന വാൾ കൊണ്ട് അനസ് ഖാൻ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച പൊലീസുകാരന്‍റെ കൈക്ക് വെട്ടേറ്റു. തുടർന്ന് വാൾ ദേവനാരായണന് കൈമാറി. ഇയാൾ വെട്ടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയത് കൊണ്ട് പൊലീസുകാർ രക്ഷപ്പെട്ടു. ശേഷം, സാഹസികമായാണ് അക്രമികളെ പൊലീസ് കീഴടക്കിയത്.
കല്ലമ്പലം സ്റ്റേഷനിലെ മൂന്നു പൊലീസുകാരെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് അനസ് ഖാൻ. ഇയാൾക്കെതിരെ ലഹരി വിൽപന, കൊലപാതക ശ്രമം അടക്കം നിരവധി കേസുകളുണ്ട്.