തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവം : അന്വേഷണത്തിന് മൂന്നംഗ സമിതി, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലിനെയും സർജറി, ഓർത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗൺസിലിങ്ങിന് അയയ്ക്കാനും തീരുമാനമുണ്ട്.
അതേസമയം സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ഉടൻ നടപടിയുണ്ടാകും. മോശമായി പെരുമാറിയ സ്റ്റാഫിനെ കൗൺസിലിങ്ങിന് വിധേയമാക്കും. ഇതുവരെ റിട്ടൺ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്ത കണ്ടത്. പരാതിക്കാർക്ക് എന്ത് കാര്യങ്ങളുണ്ടെങ്കിലും അന്വേഷണത്തിൻ്റെ വേളയിൽ പറയാം. മുഖം നോക്കാതെ നടപടി ഉണ്ടാകും. ഇപ്പോൾ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് മറ്റൊരു രോഗം ഉണ്ടായിരുന്നു. മരണകാരണം എന്താണെന്ന് അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റാനിരുന്ന രോഗിയുടെ കാലിലായിരുന്നു പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പാരിപ്പള്ളി സ്വദേശിയായ 61കാരൻ രാജേന്ദ്രപ്രസാദിനായിരുന്നു ഈ ദുരവസ്ഥ. ശസ്ത്രക്രിയിൽ കമ്പിയിട്ട രാജേന്ദ്രപ്രസാദിന്റെ കാൽ ചെറുമകൻ പതിയെ ഉയർത്തി നോക്കിയപ്പോഴാണ് പുഴുവരിച്ചത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്യൂട്ടിയിലുള്ള നഴ്സിനോട് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു.. വാഹനാപകടത്തിലായിരുന്നു രാജേന്ദ്രപ്രസാദിന് പരിക്കേറ്റത്.
.jpg)

