തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി ; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്

Brawl in Thiruvananthapuram Corporation; Police register case against BJP councilors

 തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിൽ ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിൽ മ്യൂസിയം പോലീസാണ് നടപടിയെടുത്തത്. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് പുറമെ ബിജെപി കൗൺസിലർമാരായ ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപിയും ഇന്ന് പോലീസിൽ പരാതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ രാജിക്കായി എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടെ അജണ്ടകൾ വേഗത്തിൽ പാസാക്കി മേയർ മടങ്ങിയതിന് പിന്നാലെയാണ് ഹാജർ രജിസ്റ്ററിനെ ചൊല്ലി യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി ആരംഭിച്ചത്. കെ.എസ്. ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയുമുണ്ടായി. പ്രതിയെ സംരക്ഷിക്കാൻ ബിജെപി അംഗങ്ങൾ രജിസ്റ്റർ പിടിച്ചുവാങ്ങുകയും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന് യുഡിഎഫ് ആരോപിക്കുമ്പോൾ, രജിസ്റ്ററിൽ വെള്ളമൊഴിച്ച് നശിപ്പിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് വി.വി. രാജേഷ് കുറ്റപ്പെടുത്തി.

Tags