തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ഹോട്ടൽ സമുച്ചയം ഒരുങ്ങുന്നു ; നിർമ്മാണത്തിന് അദാനിയും ഐ.എച്ച്.ജി.യും കൈകോർക്കുന്നു
തിരുവനന്തപുരം : തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആഡംബര ഹോട്ടൽ സമുച്ചയം ഒരുങ്ങുന്നു. അദാനി ഗ്രൂപ്പും പ്രശസ്ത ആഗോള ഹോട്ടൽ ശൃംഖലയായ ഐ.എച്ച്.ജി. ഗ്രൂപ്പും (ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ്) ചേർന്നാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ ഐ.എച്ച്.ജി.യുടെ പ്രശസ്തമായ ‘കിംപ്ടൺ’ ബ്രാൻഡ് തിരുവനന്തപുരമുൾപ്പെടെയുള്ള നഗരങ്ങളിലെത്തും.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ നിർമ്മിക്കുന്നത്. 136.31 കോടി മുടക്കി ചാക്കയിൽ അന്താരാഷ്ട്ര ടെർമിനലിന് മുൻവശമാണ് വമ്പൻ ഹോട്ടൽ സമുച്ചയം നിലവിൽ വരുന്നത്. 33902 ചതുരശ്രമീറ്ററിൽ 240 മുറികളുള്ള പഞ്ചനക്ഷത്രഹോട്ടലായിരിക്കും നിർമിക്കുക. ഒരേസമയം 660 പേർക്ക് ഇരിക്കാവുന്ന വിപുലമായ സൗകര്യം. വിമാനത്താവള മേഖലയായതിനാൽ കെട്ടിടത്തിന്റെ ഉയരം 23 മീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡും ഐ.എച്ച്.ജി.യും തമ്മിലുള്ള കരാർ പ്രകാരം തിരുവനന്തപുരത്തിന് പുറമെ ജയ്പുർ, മംഗളൂരു, മുംബൈ മെട്രോപൊളിറ്റൻ മേഖല എന്നിവിടങ്ങളിലും വിമാനത്താവളങ്ങളോട് അനുബന്ധിച്ച് ഹോട്ടലുകൾ നിലവിൽ വരും. രാജ്യത്തെ വ്യോമയാന-വിനോദസഞ്ചാര മേഖലകളിലെ കുതിച്ചുചാട്ടം മുന്നിൽ കണ്ടാണ് ഈ നീക്കമെന്ന് അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി വ്യക്തമാക്കി. മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ മാതൃകയിൽ ഷോപ്പിംഗ് സെന്ററുകൾ, ലോകോത്തര റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങൾ ഹോട്ടലിൽ ഒരുക്കും. പദ്ധതിക്ക് കഴിഞ്ഞ വർഷം തന്നെ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ 52 ഹോട്ടലുകളുള്ള ഐ.എച്ച്.ജി. ഗ്രൂപ്പിന് പുതിയ സഹകരണം രാജ്യത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ സഹായിക്കും.
.jpg)

