തിരുവനന്തപുരത്ത് പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പ്രിയരഞ്ജന്‍ പിടിയില്‍

google news
fgj

തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ മദ്യപിച്ച് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ഇന്നലെ മുതല്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രിയരഞ്ജനുവേണ്ടി വ്യാപകമായ തെരച്ചില്‍ നടന്നിരുന്നു. നാല് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പ്രിയരഞ്ജനായി അന്വേഷണം നടന്നത്. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നെന്ന് ചില അഭ്യൂഹങ്ങളും വന്നിരുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. പ്രതി കേരളത്തിലോ അതിര്‍ത്തി പ്രദേശങ്ങളിലോ ഉണ്ടാകാമെന്ന നിഗമനത്തിന് ശേഷം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്‌നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍ നിന്ന് പ്രിയരഞ്ജനെ പൊലീസ് പിടികൂടുന്നത്.

Tags