തിരുവല്ലയിൽ ടച്ചിങ് വെട്ടിന്റെ പേരിൽ മുറിച്ചു മാറ്റിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മരം ; ഉടമ അറിയുന്നത് മരം കൊടുക്കാൻ ഉണ്ടോ എന്ന് അന്വേഷിച്ച് തടിക്കച്ചവടക്കാർ വീട്ടിലെത്തിയപ്പോൾ
മരക്കച്ചവടക്കാർ എത്തിയപ്പോഴാണ് മരങ്ങൾ വെട്ടി മാറ്റപ്പെട്ട വിവരം ഉടമയായ വർഗീസ് അറിഞ്ഞത്. കായ്ഫലമുള്ള തെങ്ങുകൾ, മുള്ളത്തമ്പകം, മൂന്ന് പ്ലാവുകൾ, തേക്ക്, വാളൻപുളി,വലിയ റബർ മരം, വനം വകുപ്പിന്റെ അനുമതിയോടെ കൂടി മാത്രം വെട്ടാൻ സാധിക്കുന്ന പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള കൂറ്റൻ രക്തചന്ദന മരം തുടങ്ങിയവ വെട്ടിമാറ്റിയതായി പരാതിയിൽ പറയുന്നു.
തിരുവല്ല : ടച്ചിങ് വെട്ടിന്റെ പേരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ചു മാറ്റിയത് ഉടമ അറിയുന്നത് മരം കൊടുക്കാൻ ഉണ്ടോ എന്ന് അന്വേഷിച്ച് തടിക്കച്ചവടക്കാർ വീട്ടിലെത്തിയപ്പോൾ. കെഎസ്ഇബി തോട്ടഭാഗം സെക്ഷൻ പരിധിയിലാണ് സംഭവം. മുന്നറിയിപ്പോ അനുമതിയോ ഇല്ലാതെ കോടതിയുടെ പരിഗണനയിലുള്ള സ്വകാര്യ ഭൂമിയിലെ മരങ്ങൾ കെഎസ്ഇബി ജീവനക്കാർ വെട്ടി മാറ്റിയതായി കാട്ടി ഉടമകളിൽ ഒരാളായ ചാലക്കുഴി മാലിയക്കൽ വർഗീസ് സി. ഫിലിപ്പുകുട്ടി കെഎസ്ഇബി ചീഫ് എൻജിനീയർക്ക് പരാതി നൽകി. തിരുവല്ല നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന മഞ്ഞാടി ആമല്ലൂരിൽ തിരുവല്ല വില്ലേജിലെ സർവേ നമ്പർ 552/60-ൽപ്പെട്ട രണ്ട് ഏക്കർ സ്ഥലത്തെ മരങ്ങൾ വെട്ടി മാറ്റിയതായി ചൂണ്ടിക്കാട്ടിയാണ് വർഗീസ് പരാതി നൽകിയത്. കെഎസ്ഇബി ലൈൻ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട് റോഡിന്റെ പടിഞ്ഞാറ് വശത്തുള്ള സ്ഥലത്തേക്ക് ഏകദേശം 20 മീറ്ററോളം പ്രവേശിച്ചാണ് മരങ്ങൾ വെട്ടിയതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞമാസം 29,30 തീയതികളിലായാണ് മരങ്ങൾ വെട്ടിമാറ്റപ്പെട്ടത്. മരങ്ങൾ വെട്ടി മാറ്റപ്പെട്ട പുരയിടത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയായി തിരുവല്ല നഗരത്തിൽ ഉള്ള വീട്ടിൽ രണ്ടാം തീയതി മരക്കച്ചവടക്കാർ എത്തിയപ്പോഴാണ് മരങ്ങൾ വെട്ടി മാറ്റപ്പെട്ട വിവരം ഉടമയായ വർഗീസ് അറിഞ്ഞത്. കായ്ഫലമുള്ള തെങ്ങുകൾ, മുള്ളത്തമ്പകം, മൂന്ന് പ്ലാവുകൾ, തേക്ക്, വാളൻപുളി,വലിയ റബർ മരം, വനം വകുപ്പിന്റെ അനുമതിയോടെ കൂടി മാത്രം വെട്ടാൻ സാധിക്കുന്ന പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള കൂറ്റൻ രക്തചന്ദന മരം തുടങ്ങിയവ വെട്ടിമാറ്റിയതായി പരാതിയിൽ പറയുന്നു. വൈദ്യുതി ലൈനിന് ആവശ്യമായ 2.6 മീറ്റർ പരിധിയിൽ മാത്രം മരങ്ങൾ വെട്ടുന്നതിനുപകരം വലിയ മരങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റിയെന്നും ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും പരാതിക്കാരൻ ആരോപിച്ചു.

വെട്ടിയ മരങ്ങൾ വീടിന്റെ ഗേറ്റിനുള്ളിൽ വഴിയിൽ ഇട്ടതിനാൽ വീട്ടിലേക്കും പറമ്പിലേക്കും പ്രവേശിക്കാൻ തടസ്സം നേരിടുന്നതായും പരാതിയിൽ പറയുന്നു. തൻറെ പുരയിടത്തിന്റെ മുൻവശത്ത് കൂടി കടന്നുപോകുന്ന എട്ടു മീറ്റർ റോഡും കഴിഞ്ഞാണ് വൈദ്യുത ലൈൻ കടന്നു പോകുന്നത് എന്നും തൻറെ സമീപ പുരയിടങ്ങളിലെ മരങ്ങളുടെ ചില്ലകൾ മാത്രമാണ് വെട്ടിയതെന്നും വർഗീസ് ആരോപിക്കുന്നു. 7 സഹോദരന്മാർ അവകാശികളായുള്ള വസ്തു നിലവിൽ കേസിൽ കിടക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്നുതന്നെ തോട്ടഭാഗം കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറെ വിവരമറിയിച്ചതായും ഉടമകളിൽ ഒരാളായ വർഗീസ് പറഞ്ഞു.

സംഭവത്തിൽ കെഎസ്ഇബി വിജിലൻസ് അന്വേഷണം നടത്തി ഉത്തരവാദികളായവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് എൻജിനീയർക്ക് പരാതി നൽകിയത്. പരാതി നിയമ നോട്ടീസായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ പകർപ്പ് തോട്ടഭാഗം അസിസ്റ്റന്റ് എൻജിനീയർക്കും തിരുവല്ല സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കും കൈമാറിയിട്ടുണ്ട്. ടച്ചിങ് വെട്ടിന്റെ പേരിൽ മരങ്ങൾ മുറിച്ചുമാറ്റിയതായ നിരവധി പരാതികൾ കഴിഞ്ഞ രണ്ടുമാസക്കാത്തിനിടെ തോട്ടഭാഗം സെക്ഷൻ ഓഫീസിന് നേരെ ഉയർന്നിരുന്നു.
.jpg)


