ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമം ; തിരുവല്ല സ്വദേശി അറസ്റ്റിൽ
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 19 ന് വൈകിട്ട് ഏറനാട് എക്‌സ്‌പ്രസിലെ ഡി-3 കോച്ചിലുണ്ടായ സംഭവത്തിൽ തിരുവല്ല സ്വദേശിയായ മനീഷ് (27) ആണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോകാനാണ് ട്രെയിനിൽ കയറിയതെന്നാണ് ഇയാൾ മൊഴി നൽകിയതെങ്കിലും, തിരുവല്ലയിൽ നിന്ന് ആലപ്പുഴയിലെത്തി വീണ്ടും കൊല്ലത്തേക്ക് യാത്ര ചെയ്തതിലെ ദുരൂഹത പോലീസ് അന്വേഷിക്കുന്നുണ്ട്.
ടിടിഇയുടെ പരാതിയെത്തുടർന്ന് കായംകുളത്തുനിന്നാണ് പ്രതിയെ ജിആർപിഎഫ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ നിലവിൽ മറ്റൊരു കേസ് കൂടിയുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
.jpg)

