പുറമേ നിന്നുള്ള മാലിന്യ നിക്ഷേപം നിരസിച്ച തിരുവല്ല നഗരസഭ ഹരിത കർമ്മ സേന ജീവനക്കാരന് നേരെ ക്രൂര മർദ്ദനം

Thiruvalla Municipality Haritha Karma Sena employee brutally beaten for refusing to deposit waste from outside

തിരുവല്ല : പുറമേ നിന്നുള്ള മാലിന്യ നിക്ഷേപം നിരസിച്ച തിരുവല്ല നഗരസഭ ഹരിത കർമ്മ സേന ജീവനക്കാരന് നേരെ ക്രൂര മർദ്ദനം. മർദ്ദനത്തിന് പിന്നാലെ ഓഫീസും അടിച്ച് തകർത്തു.  മർദ്ദനമേറ്റ ജീവനക്കാരൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് ജീവനക്കാരൻ തിരുവല്ല പോലീസിൽ പരാതി നൽകി. നഗരസഭയുടെ നിയന്ത്രണത്തിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ഹരിത കർമ്മ സേനയിലെ താൽക്കാലിക ജീവനക്കാരനായ പത്തനാപുരം സ്വദേശി എസ് റിഷാദ് ( 33 ) ആണ് മർദ്ദനമേറ്റത്. 

ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ മുൻ നടത്തിപ്പുകാരൻ്റെ ഡ്രൈവറായിരുന്ന അശോകൻ എന്ന ആളാണ് മർദ്ദിച്ചത് എന്ന് റിഷാദ് നൽകിയ പരാതിയിൽ പറയുന്നു. വൈകിട്ട് നാലുമണിയോടെ വാഹനത്തിൽ നിറച്ച മാലിന്യവുമായി അശോകൻ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തി. ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ മാത്രമേ സ്വീകരിക്കാൻ സാധിക്കു എന്ന് റിഷാദ് അറിയിച്ചു. ഇതോടെ ക്ഷുഭിതനായ അശോകൻ അസഭ്യം പറയുകയും മർദ്ദിക്കാൻ ഓടിയടുക്കുകയും ആയിരുന്നു. 

ഇത് കണ്ട റിഷാദ് ഓഫീസ് മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു. പിന്നാലെ എത്തിയ അശോകൻ വാതിൽ ചവിട്ടി തുറന്ന് റിഷാദിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഓഫീസ് മുറിയിൽ ഉണ്ടായിരുന്ന കസേരകൾ അടിച്ചു തകർത്തു. റസീപ്റ്റ് ബുക്ക് അടക്കമുള്ള രേഖകൾ വലിച്ചെറിഞ്ഞു. തുടർന്ന് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ശരീരമാസകലം മർദ്ദനമേറ്റ റിഷാദ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ ഇടതു കാലിന്റെ മുട്ടിന് കാര്യമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. സംഭവത്തിലെ പ്രതിയെ ഉടൻ പിടികൂടണമെന്ന് നഗരസഭാ ചെയർപേഴ്സൺ എസ് ലേഖ ആവശ്യപ്പെട്ടു.

Tags