തിരുവല്ല രാഷ്ട്രീയ ചരിത്രത്തിൽ പുതുഅദ്ധ്യായം കുറിച്ച് എസ്. ലേഖ ; നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു

S. Lekha starts a new chapter in Thiruvalla political history; elected as the Municipal Chairperson
S. Lekha starts a new chapter in Thiruvalla political history; elected as the Municipal Chairperson

തിരുവല്ല : നഗരസഭ അധ്യക്ഷയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ എസ്. ലേഖ(51) തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പ്രതിനിധി കെ.വി. വര്‍ഗീസാണ്(66) വൈസ് ചെയര്‍മാന്‍. പട്ടികജാതി വനിതാ സംവരണമാണ് അധ്യക്ഷ പദവി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫ്-18, എല്‍ഡിഎഫ്-14, ബിജെപി-7 എന്നതാണ് കക്ഷിനില. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ബിജെപിയില്‍ നിന്ന് അര്‍ഹതപ്പെട്ടയാള്‍ ഇല്ലാതിരുന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മത്സരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആശാ സജീവിന് 12 വോട്ടും ലേഖയ്ക്ക് 18 വോട്ടും ലഭിച്ചു. രണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ വോട്ടുകള്‍ അസാധുവായി. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫില്‍ നിന്ന് അഡ്വ. ജെനുമാത്യു, ബിജെപിയില്‍ നിന്ന് രാധാകൃഷ്ണന്‍ വേണാട്ട് എന്നിവര്‍ മത്സരിച്ചു. 

tRootC1469263">

ആദ്യ ഘട്ടത്തില്‍ ഏഴ് വോട്ടുലഭിച്ച ബെജെപി സ്ഥാനാര്‍ഥിയെ ഒഴിവാക്കി രണ്ടാം തിരഞ്ഞെടുപ്പ് നടത്തി. എല്‍ഡിഎഫിന് 14ഉം യുഡിഎഫിന് 18ഉം വോട്ടുകള്‍ ലഭിച്ചു. 21-ാം വാര്‍ഡ് അംഗമാണ് എസ്. ലേഖ. ആദ്യമായാണ് കൗണ്‍സിലറാകുന്നത്. 1922-ല്‍ രൂപീകൃതമായ നഗരസഭയുടെ ആദ്യപട്ടികജാതി വിഭാഗം അധ്യക്ഷയായാണ് ചുമതലയേല്‍ക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ താത്കാലിക ജോലി നോക്കിയിട്ടുണ്ട്. ബിഎസ്‌സിയും കംപ്യൂട്ടറില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. തിരുമൂലപുരം ചായംപറമ്പില്‍ സി.എന്‍. രാധാകൃഷ്ണനാണ് ഭര്‍ത്താവ്. കുറെ നാള്‍ ഗള്‍ഫില്‍ ജോലി ചെയ്ത രാധാകൃഷ്ണന്‍ ഇപ്പോള്‍ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയാണ്. മകന്‍ രാഹുല്‍ കൃഷ്ണന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മകള്‍ ശിഖ കൃഷ്ണ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മുന്‍ ചെയര്‍മാന്‍കൂടിയായ കെ.വി. വര്‍ഗീസ് 10-ാം വാര്‍ഡ് പ്രതിനിധിയാണ്. റേഷന്‍കട നടത്തുന്നു. ആമല്ലൂര്‍ കാഞ്ഞിരക്കാട്ട് കുടുംബാംഗം. ഭാര്യ: റോസമ്മ. മക്കള്‍: റോബിന്‍, റോഷ്ണി, സലോമി. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍. അനില വരണാധികാരിയായാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരുവല്ല: 103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി വനിതയെത്തി. എസ്. ലേഖയാണ് ഇനി നഗരഭരണം നയിക്കുക. നഗരസഭയുടെ 31-ാമത്തെ അധ്യക്ഷയാണ് ലേഖ. ഒമ്പതാമത്തെ വനിതാ അധ്യക്ഷയും. കണക്ക് അനുസരിച്ച് 37-ാം അധ്യക്ഷയാണ് ലേഖയെങ്കിലും ചിലര്‍ ഒന്നിലധികം തവണ അധ്യക്ഷരായിട്ടുണ്ട്. സബ്കളക്ടര്‍മാര്‍ അധ്യക്ഷരുടെ ചുമതലവഹിച്ച സമയവുമുണ്ട്. 1996-ല്‍ നഗരപാലിക ബില്‍ വന്നതിനുശേഷമാണ് നഗരസഭകളില്‍ സംവരണം നടപ്പായത്. അന്ന് അധ്യക്ഷയായിരുന്നത് നഗരത്തിന്റെ ആദ്യത്തെ വനിതാ അധ്യക്ഷയായ എം.കെ. സരോജനിയമ്മയായിരുന്നു. അതിനുശേഷവും നഗരസഭാധ്യക്ഷ സ്ഥാനം ജനറല്‍ വനിതാ വിഭാഗങ്ങള്‍ക്കായി മാറി മാറി സംവരണം ലഭിച്ചിരുന്നു. ഇപ്പോഴാണ് അധ്യക്ഷ പദവി പട്ടികജാതി വനിതാ സംവരണമായി ലഭിച്ചത്.

നഗരസഭ 21 ാം വാര്‍ഡായ തിരുമൂലപുരം വെസ്റ്റില്‍ നിന്നാണ് എസ് ലേഖ വിജയിച്ചത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്. യുഡിഎഫും എല്‍ഡിഎഫും നടത്തിയ നേരിട്ടുള്ള മത്സരത്തില്‍ 165 വോട്ടുകള്‍ക്കാണ് ലേഖ വിജയിച്ചത്. തിരഞ്ഞെടുപ്പു രംഗത്ത് നവാഗതയായി എത്തി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ഒപ്പം നഗരസഭാധ്യക്ഷ ആകാനുള്ള ഭാഗ്യവും ലേഖയ്ക്കു ലഭിച്ചു. 12 വര്‍ഷമായി തിരുമൂലപുരം വെസ്റ്റ് വാര്‍ഡിലെ അര്‍ച്ചന കുടുംബശ്രീ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവവുമായാണ് മത്സരിച്ചത്. അതോടൊപ്പം 12 വര്‍ഷമായി തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ഉച്ചഭക്ഷണ വിഭാഗത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്തു വരികയാണ്. കുടുംബശ്രീ മുഖാന്തിരം ലഭിച്ച താത്കാലിക ജോലി രാജിവച്ചാണ് മത്സരത്തിനിറങ്ങിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജോലിക്കു മുന്‍പ് ആറുമാസം തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസില്‍ വിഇഒയുടെ ജോലിയും നോക്കിയിരുന്നു. അതിനു മുന്‍പ് നാല് വര്‍ഷം പത്തനംതിട്ട, തിരുവല്ല മജിസ്‌ട്രേറ്റ് കോടതികളില്‍ താത്കാലിക ജോലി ചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ മേട്ടുക്കട വട്ടവിളാകം വീട്ടിലാണ് എസ്.ലേഖ ജനിച്ചുവളര്‍ന്നത്. തിരുവനന്തപുരം വിമെന്‍സ് കോളജില്‍ നിന്നു ബിഎസ്സി വിജയിച്ച ശേഷം ഐഎച്ച്ആര്‍ഡി കോളജില്‍ നിന്ന് കംപ്യൂട്ടറില്‍ ഡിപ്ലോമ കോഴ്സും നേടി.

Tags