സുഹൃത്തിന്റെ വിവാഹ വാർഷിക ആഘോഷം കഴിഞ്ഞ് മടങ്ങവേ ബുള്ളറ്റ് വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു

google news
Thiruvalla Bullet accident two killed

തിരുവല്ല :  സുഹൃത്തിന്റെ വിവാഹ വാർഷിക ആഘോഷം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. 

തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ( 25 ), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് ( 24 ) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ ( 25 ) നാണ് പരിക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.  താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറിയ ശേഷം മതിലിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. 

തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ആമല്ലൂർ ഉള്ള സുഹൃത്തിന്റെ വിവാഹ വാർഷിക ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂവരും .മരിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ വധശ്രമം അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.