തിരുവല്ലയിൽ നിർമ്മാണം പാതിവഴിയിൽ നിലച്ച റോഡിലെ കുഴിയിൽ വീണ് വീണ്ടും അപകടം ; ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്

Another accident in Thiruvalla after falling into a pothole on a road where construction was halted halfway; Two-wheeler passengers injured
Another accident in Thiruvalla after falling into a pothole on a road where construction was halted halfway; Two-wheeler passengers injured

തിരുവല്ല : നിർമ്മാണം പാതിവഴിയിൽ നിലച്ച കാവുംഭാഗം - ചാത്തങ്കരി റോഡിലെ കുഴിയിൽ വീണ് വീണ്ടും ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്. കോൺഗ്രസ് പെരിങ്ങര മണ്ഡലം വൈസ് പ്രസിഡണ്ട് തുണ്ടിയിൽ വീട്ടിൽ ജിജി ചാക്കോ (50 ), മകൾ ജാനിസ് ( 22 ) എന്നിവർക്കാണ് പരിക്കേറ്റത്. പെരിങ്ങര കോസ്മോസ് ജംഗ്ഷന് സമീപത്തെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ബുള്ളറ്റ് മറിഞ്ഞ് തെറിച്ചു വീണതിനെ തുടർന്നാണ് ഇരുവർക്കും പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ജിജിയുടെ ഇടതുകാൽ മുട്ടിന് താഴെ ആറ് തുന്നലുകൾ ഇടേണ്ടി വന്നു. 

tRootC1469263">

നട്ടെല്ലിന് ചതവും ഏറ്റു. മകൾ ജാനിസിന്റെ പരിക്ക് നിസാരമാണ്. ബുള്ളറ്റിനും കേടുപാടുകൾ സംഭവിച്ചു.  തിരുവല്ല താലൂക്ക് ആശുപത്രിയിൽ നേഴ്സ് ആയ ജാനിസുമായി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. 

ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ഇരുപതാം തീയതി പെരിങ്ങര എട്ടാം വാർഡിലെ സിഡിഎസ് എ .ഡി .എസ് സെക്രട്ടറിയായ അഴിയിടത്തുചിറ മണ്ണാംപറമ്പിൽ വീട്ടിൽ അജിത അനിൽ, സിഡിഎസ് അംഗമായ ചങ്ങമത ചിറയിൽ കൈലാസം വീട്ടിൽ പ്രസന്ന സോമൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് നിർത്തിവച്ചിരുന്ന പണികൾ  പുനരാരംഭിച്ചു. എന്നാൽ കേവലം കുഴിയടയ്ക്കൽ മാത്രമാക്കി പണികൾ വീണ്ടും നിർത്തി. 

തുടർന്ന് പെയ്ത മഴയിൽ റോഡിൽ വീണ്ടും കുഴികൾ നിറഞ്ഞു. ഇതിന് പിന്നാലെ നിരവധി അപകടങ്ങളാണ് റോഡിൽ സംഭവിച്ചത്. കാവുംഭാഗം കാഞ്ഞിരത്തും മൂട് പടി മുതൽ ചാത്തങ്കരി മണക്ക് ആശുപത്രി ജംഗ്ഷൻ വരെയുള്ള 5.6 കിലോമീറ്റർ ദൂരത്തിൽ റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനായി ഊരാളുങ്കൽ സൊസൈറ്റി ആണ് കരാർ എടുത്തത്. നാലുമാസം മുമ്പ് റേഡിലെ ടാറിംഗ്പൂർണമായും ഇളക്കിമാറ്റിയിരുന്നു. 

കൊട്ടാണിപ്രാൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ ബി എം ടാറിങ്ങിന് മുന്നോടിയായി ഉള്ള പണികൾ നടത്തി. ഇതിന് പിന്നാലെ മഴയെത്തി. തുടർന്ന് പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി പണികൾ നിർത്തി. റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

Tags