എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയി; കീഴ്ശാന്തിയെ കാണാനില്ല, കവർന്നത് 20 പവൻ വരുന്ന സ്വർണാഭരണങ്ങൾ


അരൂർ: ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയി. വിഗ്രഹത്തിൽ വിശേഷ ദിവസങ്ങളിൽ ചാർത്തുന്ന കിരീടം, രണ്ട് നെക്ലസുകൾ, മാല എന്നിവയുൾപ്പെടെ 20 പവൻ വരുന്ന സ്വർണാഭരണങ്ങളാണ് വിഷുദിനത്തിൽ കവർന്നത്. ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി ഒ ടി രാമചന്ദ്രനെ കാണാനില്ലെന്ന് ദേവസ്വം ഭാരവാഹികൾ അരൂർ പൊലീസിൽ പരാതി നൽകി.
വിഷു ദിവസം രാവിലെ തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തി കണിയൊരുക്കി. എന്നാൽ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ആഭരണങ്ങൾ ദേവസ്വം അധികൃതർക്ക് തിരികെ ലഭിക്കാത്തത് അന്വേഷിച്ചപ്പോൾ ഒഴിഞ്ഞു മാറിയ കീഴ്ശാന്തിയെ പിന്നീട് കാണാതാവുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നു.
നാലുമാസം മുമ്പാണ് രാമചന്ദ്രൻ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി പ്രവേശിച്ചത്. ഇയാളെ സംബന്ധിച്ചുളള ആധികാരികമായ ഒരു രേഖയും ക്ഷേത്രത്തിലിലില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.
