തിരുനാവായ കുംഭമേള: ആർ.എസ്.എസ് - ലീഗ് ബന്ധ ആരോപണവുമായി കെ.ടി. ജലീൽ; രൂക്ഷവിമർശനം
കൊച്ചി: തിരുനാവായ കുംഭമേളയുടെ സംഘാടകരെ പൂമാലയിട്ട് സ്വീകരിച്ച മുസ്ലിം ലീഗ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി കെ.ടി. ജലീൽ രംഗത്ത്. പ്രവാചകനും ഇസ്ലാമിനുമെതിരെ വിഷലിപ്തമായ പരാമർശങ്ങൾ നടത്തിയ സ്വാമി ആനന്ദവനം ഭാരതിയെ ലീഗ് എം.എൽ.എ കുറുക്കോളി മൊയ്തീന്റെ നേതൃത്വത്തിൽ സ്വീകരിച്ചത് ആർ.എസ്.എസിനോടുള്ള ലീഗിന്റെ വിധേയത്വത്തിന് തെളിവാണെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കേരളത്തിൽ ആർ.എസ്.എസിന് വേരോട്ടമുണ്ടാക്കാനും ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചയ്ക്കും വേണ്ടിയാണ് തിരുനാവായ കുംഭമേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർമാരെ ഉപയോഗിച്ച് കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങൾക്ക് ലീഗ് കൂട്ടുകാരാവുകയാണ്. മുൻപ് ബാബാ രാംദേവിനെ കെട്ടിപ്പിടിച്ച് പാണക്കാട് സാദിഖലി തങ്ങൾ നടപ്പാക്കിയ 'മതസൗഹാർദ്ദ' നിലപാടിനെയും ജലീൽ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
ബീഫിന്റെ പേരിൽ മുസ്ലിങ്ങൾ കൊല്ലപ്പെട്ടപ്പോഴും പള്ളികൾ കയ്യേറിയപ്പോഴും ലീഗ് നേതൃത്വം മൗനം പാലിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. സവർക്കർ ബ്രിട്ടീഷുകാരുടെ മുന്നിൽ മുട്ടുമടക്കിയതുപോലെ, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചെരിപ്പുകൾ നക്കി വിധേയത്വം കാണിക്കരുതെന്നും ആർ.എസ്.എസ് - ലീഗ് കുംഭമേളയാക്കാനുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
.jpg)


