ഡോക്ടറുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ; കാർ തീയിട്ടു നശിപ്പിച്ച ശേഷം വയോധികൻ സ്വയം തീകൊളുത്തി മരിച്ചു
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ചെല്ലപ്പൻ സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
കോട്ടയം: ഡോക്ടറുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കാർ തീയിട്ടു നശിപ്പിച്ച ശേഷം വയോധികൻ സ്വയം തീകൊളുത്തി മരിച്ചു.ചെങ്ങളം സ്വദേശി ചെല്ലപ്പൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഗാന്ധിനഗർ പെട്രോള്‍ പമ്പിന് എതിർവശത്തുള്ള അഞ്ചേരി ഗാർഡൻസിലെ ഡോ. ജയകുമാറിന്റെ വീട്ടിലായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ചെല്ലപ്പൻ സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
വർഷങ്ങള്‍ക്ക് മുൻപ് ഇതേ വീട്ടില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ആളാണ് ചെല്ലപ്പൻ. ഇദ്ദേഹത്തിന് കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്തിനാണ് ഇത്തരമൊരു അതിക്രമം കാട്ടിയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
.jpg)

