തോല്‍പ്പിക്കാന്‍ ശ്രമം നടന്നു ; കൊടിക്കുന്നില്‍ സുരേഷിനെതിരെ ഡിസിസിക്ക് പരാതി

kodukkunnil suresh

കൊട്ടാരക്കരയില്‍ വോട്ട് മറിച്ചുവില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹരി പരാതിയില്‍ ആവശ്യപ്പെടുന്നു.

കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ ഡിസിസിയ്ക്ക് പരാതി. കൊട്ടാരക്കര നഗരസഭയിലേക്ക് മത്സരിച്ച ഒന്‍പതാം വാര്‍ഡായ കുലശേഖരനെല്ലൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹരി കോടിയാട്ടാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വി പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താന്‍ ഒറ്റപ്പെട്ടുവെന്നും ഗണേഷ് കുമാര്‍ വാര്‍ഡില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയ വിവരം അറിയിച്ചിട്ടും എംപി സജീവമായി ഇടപെട്ടില്ലെന്നുമാണ് ഹരി ആരോപിക്കുന്നത്. കൊട്ടാരക്കരയില്‍ വോട്ട് മറിച്ചുവില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹരി പരാതിയില്‍ ആവശ്യപ്പെടുന്നു.

tRootC1469263">

കേരളാ കോണ്‍ഗ്രസ് ബി എതിര്‍ സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ മാത്രം യുഡിഎഫ് വാര്‍ഡില്‍ തോല്‍ക്കുന്നുവെന്നാണ് ഹരി ആരോപിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വാര്‍ഡിലാണ് താന്‍ മത്സരിച്ച് തോറ്റതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രചാരണത്തിന് ഇറങ്ങിയത് എംപിയുടെ മുന്‍ ജീവനക്കാരന്‍ ഇടപെട്ട് വിലക്കിയെന്നും ആരോപിക്കുന്നു. വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 238 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹരി കോടിയാട്ടിന് ലഭിച്ചത് കേവലം 131 വോട്ടുകള്‍ മാത്രമാണ്.

'കേരളാ കോണ്‍ഗ്രസ് ബിയുടെ സ്ഥാനാര്‍ത്ഥിയെ വാര്‍ഡില്‍ പ്രഖ്യാപിച്ചതിന് ശേഷം ഞാന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട കൊടിക്കുന്നില്‍ സുരേഷ് എംപിയും സ്റ്റാഫ് അംഗം ഹരികുമാറും ഉള്‍പ്പെടെയുളള നേതാക്കള്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എന്നോടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോടുമുളള മനോഭാവം മാറി. എന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനോ കോര്‍ഡിനേറ്റ് ചെയ്യാനോ ആരുമില്ലാതെ ഒറ്റപ്പെടുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ചിലപ്പോഴൊക്കെ വാര്‍ഡിലെ ഒന്നോ രണ്ടോ പേര്‍ കൂടെ വന്നു എന്നതൊഴിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രചാരണം നടത്താനോ വീടുകള്‍ കയറാനോ എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. വാര്‍ഡ് കമ്മിറ്റിയുടെ സഹായം ലഭിച്ചില്ല. കൊടിക്കുന്നില്‍ എനിക്കൊപ്പം കുറച്ച് വീടുകള്‍ കയറിയിരുന്നു.

2015-ല്‍ സിപിഐയുടെ എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 248 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് സിപിഐ സ്ഥാനാര്‍ത്ഥിക്ക് 181 വോട്ടാണ് ലഭിച്ചത്. 2020-ല്‍ ആ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് വന്നപ്പോള്‍ അവര്‍ക്ക് 217 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 153 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ കേരളാ കോണ്‍ഗ്രസ് ബിയ്ക്ക് 238 ഉം യുഡിഎഫിന് 131 വോട്ടുമാണ് കിട്ടിയത്. എനിക്ക് കിട്ടിയ വോട്ടില്‍ ഭൂരിഭാഗവും എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടിയുറച്ച കോണ്‍ഗ്രസ് വോട്ടുകളും മാത്രമാണ്. കേരളാ കോണ്‍ഗ്രസ് ബി നേതാക്കളുമായി നമ്മുടെ മുതിര്‍ന്ന നേതാക്കള്‍ അന്തര്‍ധാരയുണ്ടാക്കി എന്നാണ് പൊതുജനം പറയുന്നത്. എന്റെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എന്നെ തോല്‍പ്പിക്കാനുളള ശ്രമം നടന്നു. അത് മനസിലാക്കിയിട്ടും നേതാക്കള്‍ മൗനം പാലിച്ചു. അവരുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് ഞാന്‍ സംശയിക്കുന്നു' എന്നാണ് ഹരി കോടിയാട്ട് ഡിസിസി പ്രസിഡന്റിന് അയച്ച പരാതിയില്‍ പറയുന്നത്.

Tags