'ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവടവത്കരണം നടത്താനുള്ള നീക്കമാണ് നടക്കുന്നത്'; വിമര്‍ശനവുമായി ആര് ബിന്ദു
കേന്ദ്ര നയങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതെന്നും ആര് ബിന്ദു വിമര്‍ശിച്ചു.
എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവടവത്കരണം നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതെന്നും ആര് ബിന്ദു വിമര്‍ശിച്ചു.
'യൂജിസിയെ ഉപയോഗിച്ച് കേന്ദ്ര നയങ്ങള്‍ വിശ്വസ്തതയോടെ പിന്തുടരുകയാണ്. ന്യൂ ജന്‍ കോഴ്സുകള്‍ വേണമെന്ന് തന്നെയാണ് ഇടത് നിലപാട്. കഴിഞ്ഞ സര്‍ക്കാര്‍ പുതിയ കോഴ്സുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ എയ്ഡഡ് മേഖലയില്‍ പരമ്പരാഗത കോഴ്സുകളും സ്വശ്രയ മേഖലയില്‍ പുതിയ കോഴ്സുകളും അനുവദിക്കുകയാണ്. വിഷയത്തിലെ ഇരട്ടത്താപ്പ് അപലപനീയമാണ്. സാധാരണക്കാരായ കുട്ടികള്‍ക്ക് താങ്ങാനവാത്ത ഫീസ് അടിച്ചേല്‍പ്പിക്കുന്നതാവും ഇപ്പോഴത്തെ ഉത്തരവ്.സ്വാശ്രയ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടതായി മനസ്സിലാക്കുന്നു. നയം മാറ്റത്തിന് പിന്നിലെ കാരണം മന്ത്രി വെളിപ്പെടുത്തണം ആര് ബിന്ദു'ആവശ്യപ്പെട്ടു.
എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ ഇനി യഥേഷ്ടം സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഓട്ടോണമസ് കോളേജുകള്‍ക്ക് സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ അനുമതി കൂടാതെ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കാന്‍ സ്വയംഭരണ മാനേജ്മെന്റുകള്‍ക്ക് പച്ചക്കൊടി നല്‍കുന്നതാണ് പുതിയ ഉത്തരവ്.
.jpg)

