തേക്കടിയിലെ കെ.ടി.ഡി.സി ബോട്ടുകളുടെ അറ്റകുറ്റപ്പണി പുനരാരംഭിച്ചു

കുമളി: തേക്കടിയിലെ കെ.ടി.ഡി.സി ബോട്ടുകളുടെ അറ്റകുറ്റപ്പണി പുനരാരംഭിച്ചു. വിനോദ സഞ്ചാര സീസണിൽ സഞ്ചാരികളെ ദുരിതത്തിലാക്കി കെ.ടി.ഡി.സി ബോട്ടുകൾ തകരാറിലായത് സംബന്ധിച്ച വാർത്ത ഏറെ ചർച്ചയായിരുന്നു. കെ.ടി.ഡി.സിയുടെ രണ്ട് ഇരുനില ബോട്ടുകൾ വിശ്രമത്തിലായതോടെ ദിവസവും 1200 സഞ്ചാരികൾക്കാണ് ബോട്ട് സവാരിക്കുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നത്. ഇതുവഴിയുള്ള വരുമാന നഷ്ടം പ്രതിമാസം ഒരു കോടിയിലധികം രൂപയുമായിരുന്നു.
ബോട്ടുകൾ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തി തകരാറുകൾ പരിഹരിക്കുന്നതിൽ അധികൃതർ തുടർന്ന അനാസ്ഥയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ബോട്ടുകൾ സവാരി നിലച്ച് തടാക കരയിൽ വിശ്രമത്തിലായത് ഉന്നതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവയുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ അടിയന്തര നിർദേശം നൽകുകയായിരുന്നു.
മൂന്നു വർഷമായി കരയിലിരിക്കുന്ന കെ.ടി.ഡി.സിയുടെ ജലരാജ, അടുത്തിടെ ഓട്ടം നിർത്തിയ ജലയാത്ര, മറ്റൊരു ബോട്ടായ ജലതരംഗിണി എന്നിവ തകരാറുകൾ പരിഹരിച്ച് തടാകത്തിലിറക്കാൻ ആലപ്പുഴയിലെ സാഗാ മറൈൻ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ബോട്ടുകൾ വേഗത്തിൽ നന്നാക്കി തടാകത്തിലിറക്കുമെന്ന് തേക്കടിയിലെത്തിയ കമ്പനി അധികൃതർ പറഞ്ഞു.
വാർത്തയെ തുടർന്ന് വനം വകുപ്പും നടപടി ആരംഭിച്ചു. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കരാറുകാർ തേക്കടിയിലെത്തി.തകരാറുകൾ നീക്കി മുഴുവൻ ബോട്ടുകളും വൈകാതെ സഞ്ചാരികൾക്കായി സർവിസ് നടത്തുമെന്ന് കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു പറഞ്ഞു.