തിരുവല്ലയിൽ വിദ്യാലയങ്ങളും കടകളും ലക്ഷ്യമിട്ട് മോഷണം ; നിരവധി കേസുകളിലെ പ്രതി പിടിയിൽ

Thefts targeting schools and shops in Thiruvalla; accused in several cases arrested.

 തിരുവല്ല : വിവിധ ജില്ലകളിലെ വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വർഷങ്ങളായി മോഷണം നടത്തിയിരുന്ന നിരവധി കേസുകളിലെ പ്രതി പോലീസിന്റെ വലയിലായി. ആലപ്പുഴ പട്ടണക്കാട് പാലയ്ക്കൽ വീട്ടിൽ തിയോ ഏലിയാസ് ഓമനക്കുട്ടൻ ( 58 ) ആണ് തിങ്കളാഴ്ച പുലർച്ചയോടെ പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. കടപ്ര കണ്ണശ്ശ സ്മാരക സ്കൂളിൽ മോഷണം നടത്തുന്നതിനിടെ കെട്ടിടത്തിന് ഉള്ളിൽ നിന്നും ശബ്ദം കേട്ട്  സമീപവാസികൾ ഓടിക്കൂടി. 

ഇതു കണ്ട മോഷ്ടാവ് സ്കൂളിൻറെ മതിൽ ചാടി ഓടി തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ കയറി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് ജീപ്പിലും മോഷ്ടാവിനെ തിരിച്ചറിഞ്ഞ പ്രദേശവാസികളായ രണ്ടുപേർ സ്കൂട്ടറിലുമായി ബസ്സിനെ പിന്തുടർന്നു. 

പൊടിയാടി ജംഗ്ഷനിൽ നിർത്തിയ ബസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി പൊടിയാടി - അമ്പലപ്പുഴ റോഡിലേക്ക് നടക്കുകയായിരുന്ന മോഷ്ടാവിനെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലായി വിവിധ മോഷണങ്ങളിൽ പ്രതിയായ തിയോ ഏലിയാസ് ഓമനക്കുട്ടൻ പലവട്ടം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും തിരുവല്ല സി ഐ കെ.എസ് ഗോപകുമാർ പറഞ്ഞു.

Tags