കാഞ്ഞങ്ങാട് യുവതിയെ കുത്തിക്കൊന്ന പ്രതി പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി
May 16, 2023, 23:18 IST

കണ്ണൂർ: കാഞ്ഞങ്ങാട് യുവതിയെ കുത്തിക്കൊന്ന് പ്രതി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. പുതിയ കോട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ ലോഡ്‌ജിൽ ചൊവ്വാഴ്‌ച വൈകീട്ട് നാലുമണിക്കാണ് സംഭവം. കാസർകോട്ടെ ബ്യൂട്ടീഷ്യൻ ഉദുമ അരമങ്ങാനത്തെ ദേവിക (24) യാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബോവിക്കാനത്തെ കൈലാസം ഹൗസിൽ സതീശനെ (40) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു വരികയാണ്.
പ്രവാസിയായ സതീശൻ ഇവിടെ രണ്ടാഴ്‌ചയായി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയാണ്. ഇന്നാണ് ദേവിക ലോഡ്ജിലെത്തിയതെന്ന് ലോഡ്ജ് നടത്തിപ്പുകാർ പറഞ്ഞു. കൃത്യം നിർവ്വഹിച്ച ശേഷം വാതിൽപൂട്ടി തൊട്ടടുത്ത ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി കൊല നടത്തിയെന്ന കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. പൊലീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ ലോഡ്ജിലെത്തി പരിശോധനകൾ നടത്തിവരികയാണ്.