രാജ്യത്ത് ആദ്യമായി സഹകരണ മേഖലയിൽ വിമാന സർവീസിന് അനുമതി നൽകി സംസ്ഥാന സർക്കാർ
കോഴിക്കോട്: രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് (കോ-എയർ) ഇതിനായുള്ള പ്രാരംഭ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ പുതിയ ഏവിയേഷൻ സംരംഭം യാഥാർത്ഥ്യമാകുന്നത്. എം.വി.ആർ. കാൻസർ സെന്ററും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും വിജയകരമായി പടുത്തുയർത്തിയ വിദഗ്ദ്ധ സംഘമാണ് പുതിയ വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ മാതൃകയിൽ സഹകരണ മേഖലയിൽ നിന്ന് ഒരു വിമാന സർവീസ് ആരംഭിക്കുക എന്ന ചരിത്രപരമായ പദ്ധതി ലോകത്തിന് മുന്നിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ യഥാർത്ഥ കരുത്തും മുന്നേറ്റവും അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ നടത്തുന്ന എല്ലാ നിക്ഷേപങ്ങൾക്കും സർക്കാർ പൂർണ്ണ ഗ്യാരണ്ടി നൽകുമെന്നും ദേശസാൽകൃത-ഷെഡ്യൂൾഡ് ബാങ്കുകൾക്ക് തുല്യമായ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള ഒരു അഴിമതിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും സാധാരണക്കാരുടെ പണം വെട്ടിക്കുന്നവർ എത്ര ഉന്നതരായാലും അർഹമായ സ്ഥാനം ജയിലിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
.jpg)


