പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെൻ്റ് ഞായറാഴ്ച
അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ജൂൺ 23 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാം.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ രണ്ടാം അലോട്ട്മെൻ്റ് ജൂൺ 21 ഞായറാഴ്ച വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ജൂൺ 23 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാം.
ആദ്യ അലോട്ട്മെൻ്റ് പ്രകാരമുള്ള പ്രവേശന നടപടികൾ ജൂൺ 17 ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു. ജൂലൈ ആറിനാണ് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുന്നത്.ആദ്യ അലോട്ട്മെൻ്റിൽ 2,46,638 പേരാണ് ഉൾപ്പെട്ടിരുന്നത്.
ഇതിൽ 2,20,465 പേർ മാത്രമാണ് സ്കൂളുകളിൽ ചേർന്നത്. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ചും സീറ്റ് നഷ്ടപ്പെടുമെന്ന ഭയം കാരണവും 96,721 പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്. ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയത് 1,23,744 കുട്ടികൾ മാത്രമാണ്.
അലോട്ട്മെൻ്റ് ലഭിച്ചിട്ടും ഫീസ് ഘടനയിലെ അപാകതകളും ദൂരക്കൂടുതലും കാരണം 24,978 പേർക്ക് നിശ്ചിത സമയത്ത് സ്കൂളിൽ ചേരാൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ അപേക്ഷയിലെ പിഴവുകൾ കാരണം 1,195 പേരുടെ അലോട്ട്മെൻ്റ് റദ്ദാക്കുകയും ചെയ്തു. ഈ ഇനങ്ങളിലായി പുറത്തായ 26,173 സീറ്റുകളാണ് രണ്ടാം അലോട്ട്മെൻ്റിൽ പരിഗണിക്കുന്നത്.
.jpg)

