മറിയക്കുട്ടിക്ക് പെന്‍ഷന്‍ കിട്ടാത്തതിന് കാരണം കേന്ദ്രം, നരേന്ദ്രമോദി നരാധമന്‍'; വിവാദ പരാമര്‍ശവുമായി ജെയ്ക്

google news
Jake C Thomas

നരേന്ദ്രമോദിയെ നരാധമനെന്ന് പരാമര്‍ശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം ജെയ്ക് സി. തോമസ്. ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് പരാമര്‍ശം. മറിയക്കുട്ടി അടക്കമുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ മുടങ്ങാന്‍ കാരണം കേന്ദ്ര വിഹിതം നല്‍കാത്തതാണെന്ന വാദത്തിനിടെയാണ് ജെയ്ക് വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം പിന്‍വലിക്കാന്‍ ജെയ്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് വി.വി.രാജേഷ് ചര്‍ച്ച ബഹിഷ്‌ക്കരിച്ചു.

1600 രൂപയുടെ വിധവ പെന്‍ഷനില്‍ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണെന്നും ഇതില്‍ കേന്ദ്ര വിഹിതം കേരളത്തിന് നല്‍കാതായിട്ട് 24 മാസമായെന്നും കേരളത്തിലെ വിധവകളാണെങ്കില്‍ നിങ്ങള്‍ക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് സി തോമസ് ആരോപിച്ചു. കഴിഞ്ഞ 24 മാസമായി നരേന്ദ്രമോദിയെന്ന നരാധമന്‍ കേന്ദ്ര വിഹിതം നല്‍കാതിരിക്കുകയാണെന്ന് ജെയ്ക്ക് ആരോപിച്ചു. എന്നാല്‍, കേരളത്തിലെ പിണറായി സര്‍ക്കാര്‍ അപ്പോഴും പെന്‍ഷന്‍ വിതരണം ചെയ്യുകയാണെന്നും ജെയ്ക്ക് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ ജെയ്ക്ക് തയ്യാറായില്ല. നാക്കുപിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് ചര്‍ച്ചയില്‍ വീണ്ടും പരാമര്‍ശം ആവര്‍ത്തിച്ചതോടെയാണ് വിവി രാജേഷ് ചര്‍ച്ച ബഹിഷ്‌കരിച്ചത്.

Tags