കുരുമുളകിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു

The price of pepper is gold; it has crossed 700 per kilo,

തൊടുപുഴ: സംസ്ഥാനത്ത് കുരുമുളകിന് വില കൂടി. നിലവില്‍ ക്വിന്റലിന് 70,000 രൂപയാണ് വില. അതായത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുരുമുളക് കടന്നിരിക്കുകയാണ്. കിലോയ്ക്ക് 700 രൂപ കടന്നാണ് കുതിപ്പ്. നിലവില്‍ ഇടുക്കി ജില്ലയിലെ പ്രാദേശിക വിപണികളില്‍ 700-710 രൂപയാണ് കുരുമുളകിന്റെ വില. എന്നാല്‍ ഉല്‍പ്പാദനം പകുതിയിലും താഴെയായതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കൊച്ചി മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് 704 രൂപയും ഗാര്‍ബിള്‍ഡ് കുരുമുളകിന് 724 രൂപയും വിലയെത്തി. 2014-15ല്‍ കുരുമുളകിന് റെക്കോര്‍ഡ് വിലയായ 730ല്‍ എത്തിയിരുന്നു. 2016ല്‍ 700 രൂപ വരെയെത്തി. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉല്‍പ്പാദനം തീരെ കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് വില വര്‍ധനയുടെ പ്രയോജനം കാര്യമായി ലഭിക്കുന്നില്ല.

മിക്ക കര്‍ഷകരും നഷ്ടം മൂലം കുരുമുളക് കൃഷിയില്‍ നിന്ന് മറ്റ് വിളകളിലേക്ക് വഴി മാറിയതോടെ നേരത്തേ തന്നെ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായിരുന്നു. ഇതിന് പുറമേ ഇറക്കുമതിയിലുണ്ടായ വന്‍ ഇടിവും കുരുമുളക് വില വര്‍ധനയ്ക്ക് കാരണമായി. അതേസമയം ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളകിന്റെ വരവ് കുറഞ്ഞത് രാജ്യാന്തര വിപണിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുരുമുളകിന്റെ ഡിമാന്‍ഡ് കൂട്ടുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങി പ്രധാന കുരുമുളക് ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതും ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Tags