സ്ഥലത്ത് ആളില്ല..മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് എഴുതിയ പല കത്തുകളും തിരിച്ചയച്ച് തപാൽ വകുപ്പ്
തൃശുർ: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് എഴുതിയ പല കത്തുകളും 'സ്ഥലത്ത് ആളില്ല' എന്ന പേരിൽ തിരിച്ചയക്കുകയാണ് തപാൽ വകുപ്പ്. യുഡിഎഫ് പുതിയ സർക്കാർ രൂപീകരിക്കാതെ ചർച്ചകളിലേക്ക് നീങ്ങുമ്പോൾ വോട്ട് ചെയ്ത ജനങ്ങളാണ് വെട്ടിലായിരിക്കുന്നത്.
തനിക്കും കുട്ടികൾക്കും സംരക്ഷണം ആവശ്യപ്പെട്ട് പാവറട്ടി സ്വദേശിനി സഫ്ന മുഖ്യമന്ത്രിയുടെ വിലാസത്തിലേക്ക് മെയ് അഞ്ചിനാണ് കത്തയച്ചത്. പരാതിയിൽ തുടർ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലായിരുന്നു സഫ്ന. എന്നാൽ മെയ് 13ന് സഫ്ന അയച്ച കത്ത് തിരിച്ചു വന്നു. കവറിന്റെ മുൻ ഭാഗത്ത് ' റിട്ടേൺഡ്' എന്നും പിൻ ഭാഗത്ത് റെഫ്യൂസ്ഡ് (വിലാസക്കാരന്റെ ഓഫീസ് പ്രവർത്തിക്കുന്നില്ല) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, ബന്ധുക്കളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ സഫ്ന ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയിൽ പാവറട്ടി പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ അഭിഭാഷകൻ സുജിത്ത് അയിനിപ്പുള്ളിയുടെ നിർദേശ പ്രകാരമാണ് മുഖ്യമന്ത്രിക്ക് കൂടി പരാതി അയച്ചത്. പക്ഷെ, ലഭിച്ച മറുപടി ഇങ്ങനെയും. മുന്നോട്ട് ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സഫ്ന
.jpg)

