ഡോ വന്ദനദാസിന്റെ കൊലപാതകത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി പൊലീസ്

ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി പൊലീസ്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയില്‍ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് മറ്റ് കേസുകളില്‍ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോള്‍ ഇടപെട്ട പൊലീസുകാര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. അക്രമിയെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
എഫ്.ഐ.ആറില്‍ മാറ്റം വരുത്തുകയും ചെയ്യും. ഡ്യൂട്ടി ഡോക്ടര്‍ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്‌ഐആറില്‍ മാറ്റം വരുത്തുമെന്നാണ് വിവരം. അതേസമയം, കേസില്‍ ദൃക്‌സാക്ഷികളായ കൂടുതല്‍ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് രാവിലെ പത്തിന് നടക്കും.