ബാലരാമപുരം കൊലപാതകം: അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്; വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്ന് റിപ്പോർട്ട്


തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള
വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.
ഇന്നലെ രാത്രി ഹരികുമാറും ശ്രീതുവും കുറേയധികം സമയം വാട്സ്ആപ്പ് ചാറ്റ് നടത്തിയിരുന്നു. ഈ ചാറ്റിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. മുറിയിലേക്ക് വരാൻ ചാറ്റിൽ സഹോദരിയോട് ഹരികുമാർ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് ഹരികുമാർ കുറ്റം ഏറ്റതെന്നാണ് വിവരം.
ഹരികുമാറിനെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതിലും പ്രതി വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ച് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും വിവരമുണ്ട്.

അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാൽ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. അയൽവാസികളുടെ മൊഴികളിൽ നിന്ന് ശ്രീതു പറയുന്നതിൽ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചുവരുകയാണ്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.