കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കും ; ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി സിപിഎം നേതാവ് മധുസൂദനന്‍
സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനന്‍ പറഞ്ഞു.
ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനന്‍. പാര്‍ട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയിലെ മധുസൂദനന്റെ പ്രസംഗം. കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കുമെന്നും അതിനൊന്നും പാര്‍ട്ടിക്ക് മടിയില്ലെന്നും പ്രസംഗത്തില്‍ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനന്‍ പറഞ്ഞു.
ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പരാമര്‍ശിച്ച മധുസൂദനന്‍, എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്നും പറഞ്ഞു. ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രസംഗത്തിലെ മറ്റു പരാമര്‍ശങ്ങള്‍. വി. കുഞ്ഞികൃഷ്ണനെ രാഷ്ട്രീയ നപുംസകം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകള്‍ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കല്‍പ്പത്തോണിയില്‍ യാത്ര ചെയ്യാമെന്നും മധുസൂദനന്‍ പറഞ്ഞു.
.jpg)

