ഇടനിലക്കാരെ വെച്ച് കോടികള്‍ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാര്‍ട്ടിക്ക് ഇല്ല ; ശ്വേത മേനോനെ കുറിച്ചുള്ള ആരോപണത്തില്‍ ബിജെപി

shweta menon

സിനിമ മേഖലയില്‍ ബിജെപി ഇടപെടല്‍ എന്ന വാര്‍ത്ത വരുന്നു. ഇത് ശരിയല്ല

താരസംഘടനയായ അമ്മയുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനാലില്ലെന്ന് വ്യക്തമാക്കി ബിജെപി. അമ്മയുടെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെടാനില്ലെന്ന് സെക്രട്ടറി എസ് സുരേഷ് വ്യക്തമാക്കി. ബിജെപിയെ ഇതിലേക്ക് വലിച്ചിഴക്കരുത്. സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത്. സിനിമ മേഖലയില്‍ ബിജെപി ഇടപെടല്‍ എന്ന വാര്‍ത്ത വരുന്നു. ഇത് ശരിയല്ല. ഇടനിലക്കാരെ വെച്ച് കോടികള്‍ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാര്‍ട്ടിക്ക് ഇല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.

സിനിമയില്‍ നിന്നിരുന്നെങ്കില്‍ സുരേഷ് ഗോപിക്ക് കോടികള്‍ കിട്ടിയേനെ. പക്ഷേ ദേശീയതയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ബിജെപിയില്‍ വന്നത്. ശ്വേത മേനോന്‍ ബിജെപി പ്രതിനിധി അല്ല. ശ്വേതാ മേനോന്‍ ദേശീയ വാദിയാണ്, മോദി ഭക്തയാണ്. പക്ഷേ ബിജെപിക്കാരിയല്ല. ഇന്നസെന്റ് അമ്മ പ്രസിഡന്റ് ആയപ്പോള്‍ സിപിഎം അമ്മ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി പറഞ്ഞിരുന്നില്ല. രമേശ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും ബിജെപി കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. ഞങ്ങള്‍ മാന്യത പാലിച്ചിട്ടുണ്ടെന്നും എസ് സുരേഷ് കൂട്ടിച്ചേര്‍ത്തു.

അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ കടുത്ത ആരോപണവുമായാണ് നടി മാലാ പാര്‍വതി രംഗത്ത് വന്നത്. അമ്മയില്‍ നടക്കുന്നത് കഴിഞ്ഞ 32 വര്‍ഷത്തിനിടെ കേട്ടു കേള്‍വി പോലും ഇല്ലാത്തതാണ് എന്ന് മാലാ പാര്‍വതി പറഞ്ഞു. കലാകാരന്‍മാര്‍ക്ക് ഇടയില്‍ ധ്രുവീകരണം നടത്തുന്ന ഒരാള്‍ അല്ല അമ്മ ഭരിക്കേണ്ടത് എന്നും മാലാ പാര്‍വതി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാലാ പാര്‍വതി ആരോപണങ്ങള്‍ ഉന്നയിച്ചത്.
അദാനി ഗ്രൂപ്പില്‍നിന്ന് 'അമ്മ' സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നതിന്റെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ മാലാ പാര്‍വതി പ്രദര്‍ശിപ്പിച്ചു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍നിന്നും തങ്ങള്‍ക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാര്‍വതി പറഞ്ഞു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍നിന്ന് ശ്വേതയുടെ വിശ്വാസ്യതയില്‍ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവില്‍ അവര്‍ അമ്മ അംഗമല്ല. മള്‍ട്ടി നാഷണല്‍ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യമെന്നും മാലാ പാര്‍വതി പറഞ്ഞു.

Tags