കണ്ണൂരെന്ന് കേൾക്കുമ്പോൾഎന്തിനാണ് വിഷമമെന്നും പിണറായി ഭൂമി ഏറ്റെടുക്കുന്നത് ദീർഘകാല ഭാവി വികസനം മുന്നിൽ കണ്ടു കൊണ്ടെന്ന് പ്രതിപക്ഷ നേതാവ്
കണ്ണൂർ : വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് അതിന്റേതായ നിയമങ്ങൾ പാലിച്ചാണെന്നും ഇന്നത്തേയും നാളത്തെയും മാത്രം വികസനമല്ല ദീർഘ ഭാവി കൂടി മുന്നിൽ ഭൂമി ഏറ്റെടുക്കുന്നതെന്നും കിഫ്ബി വിവാദത്തെ പരാമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവിയിലെ കാര്യങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് ഭരണാധികാരികൾ പ്രവർത്തിക്കേണ്ടത്.
കണ്ണൂർ വിമാനത്താവളത്തിന് സമീപം മാത്രമാണ് നിലവിൽ കേരളത്തിൽ കൂടുതൽ ഭൂമി ലഭ്യതയുള്ളത്. അതു കൊണ്ടാണ് കണ്ണൂരിൽ കൂടുതൽ ഭൂമി ഏറ്റെടുത്തത്. കണ്ണൂർ എന്നു കേൾക്കുമ്പോൾ എന്തിനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ഇത്രയേറെ വിഷമിക്കുന്നതെന്നും പിണറായി ചോദിച്ചു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ എ കെ ജി സ്മാരകഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം, തുറമുഖം എന്നിവയുള്ള ജില്ല എന്നതിനാൽ കണ്ണൂരിൽ ഏറെ വികസന സാധ്യതയുണ്ട്.
ഇക്കാര്യം മുന്നിൽ കണ്ടാണ് ഭൂമി ഏറ്റെടുത്തത്. നേരത്തെ മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇൻഫോ പാർക്ക് എന്നിവയ്ക്കായി കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ സ്ഥലം ഏറ്റെടുത്തപ്പോഴൊന്നും ഉയരാത്ത ചോദ്യങ്ങളാണ് ഇപ്പോൾ ചിലർ ഉയർത്തുന്നത്. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേയെന്നും പിണറായി ചോദിച്ചു. കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വിമർശനം ഉയർത്തുന്നവർക്കു ഇക്കാര്യങ്ങൾ അറിയാഞ്ഞിട്ടില്ല. മന:പൂർവും വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈഇക്കാര്യത്തിൽ നിഷ്പക്ഷ മാധ്യമങ്ങൾ എന്നവകാശപ്പെടുന്നവരും മൗനം പാലിക്കുകയാണ്. ഇതിനു പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും പിണറായി ആരോപിച്ചു.
എസ്ഐആറിലൂടെ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പ്രക്ഷോഭം ശക്തമാണ്. ബിജെപി-സംഘപരിവാറിനു വേണ്ടി പ്രവർത്തിച്ച ഗ്യാനേഷ്കുമാറിനെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ എത്രതന്നെ സംരക്ഷിക്കാൻ ശ്രമിച്ചാലും നടക്കില്ല. ജനങളുടെ കരുത്താണ് പരമപ്രധാനം. ഗ്യാനേഷ്കുമാറിനെതിരെ ബിജെപിയും സംഘപരിവാർ ബന്ധമുള്ള സംഘനടകളും ഒഴികെ മറ്റുള്ളവരെല്ലാം സമരത്തിലാണ്. ഇവരെ ഏകോപിപ്പിച്ച് സമരം നടത്തുന്നതിൽ സിപിഎം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിൽ യുഡിഎഫ് സർക്കാർ ബിജെപി അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ പിഎം ശ്രീ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ സർക്കാർ അതിനെ എതിർത്തു. എന്നാലിപ്പോൾ യുഡിഎഫ് സർക്കാർ ബിജെപി അനുകൂല നിലപാടാണ് പുലർത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതു മുതൽ ഇതു പ്രകടമാണ്.
കേരളത്തിലെ നിമയസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തിനെ വലതുപക്ഷ ശക്തികൾ സിപിഎമ്മിന്റെ തകർച്ചയായാണ് പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ മതി മറന്നു ആഹ്ലാദിക്കുകയോ തോൽവിയിൽ നിരശായിലാകുന്ന പാർട്ടിയല്ല സിപിഎം. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകും. ആ രീതിയിലാണ് പാർട്ടി പ്രവർത്തിച്ചു വന്നത്. തിരിച്ചടികൾ മറികടക്കാമെന്ന് ആത്മവിശ്വാസം പാർട്ടിക്കുണ്ട്. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനെ എഴുതിത്തള്ളാമെന്ന് പറഞ്ഞവരെ അമ്പരിപ്പിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
.jpg)


