'ദ കേരള സ്‌റ്റോറി' ചരിത്രം പറയുന്ന സിനിമയല്ല, വെറും കഥ മാത്രം : ഹൈകോടതി

google news
Kerala Story Movie

കൊച്ചി: 'ദ കേരള സ്‌റ്റോറി' ചരിത്രം പറയുന്ന സിനിമയല്ല, മറിച്ച് വെറും കഥയാണെന്ന് ഹൈകോടതി. കേരളം മതേതരത്വം ഉയർത്തിക്കാട്ടുന്ന സംസ്ഥാനമാണ്. മതേതരസ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചോളും. സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചു. ചിത്രത്തിന്‍റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

സിനിമ നടത്തിയത് തെറ്റായ വിവരണമാണെന്ന ഹരജിക്കാരുടെ വാദത്തിന് നിയമപരമായ അതോറിറ്റി സിനിമ പരിശോധിച്ചതല്ലേ എന്നും സിനിമയുടെ ട്രെയ്‌ലർ നവംബറിൽ ഇറങ്ങിയിട്ടും അവസാന നിമിഷമാണ് കോടതിയിൽ വന്നതെന്നുമായിരുന്നു കോടതിയുടെ മറുപടി. കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈകോടതിയെ അറിയിച്ചു.

നിർമാല്യം സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കോടതി, കേരള സ്‌റ്റോറിയിൽ കുറ്റകരമായ എന്താണുള്ളതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.

ട്രെയിലർ കോടതി കണ്ടേ പറ്റൂവെന്നും അത് കണ്ടാൽ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോടതി സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്നും ഹരജിക്കാർ വാദിച്ചപ്പോൾ ട്രെയ്‌ലർ കാണാമെന്നായിരുന്നു കോടതിയുടെ മറുപടി. ഇതിനെത്തുടർന്ന് ടീസർ പരിശോധിച്ച കോടതി ഇതിൽ ഇസ്ലാമിനെ കുറിച്ച് എന്താണ് ട്രെയ്‌ലറിൽ ഉള്ളതെന്ന് ഹരജിക്കാരോട് ചോദിച്ചു. ഐ.എസ്.ഐ.എസിനെ പറ്റി മാത്രമാണ് ടീസറിലുള്ളതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ നേരത്തെ സുപ്രീംകോടതിയും പരിഗണിച്ചിരുന്നില്ല. ഹൈകോടതിയിൽ ഹരജി നൽകുവാനായിരുന്നു നിർദേശം. സംഘപരിവാർ വിദ്വേഷ പ്രചാരണത്തിന്‍റെ അജണ്ടയുമായെത്തുന്ന വിവാദ ചിത്രം ഇന്നാണ് തിയറ്ററുകളിൽ റിലീസായത്. പലയിടത്തും സിനിമക്കെതിരെ പ്രതിഷേധങ്ങൾ നടന്നു.

Tags