ആശുപത്രി സംരക്ഷണ നിയമഭേഗതി ഓര്‍ഡിനന്‍സിന് ഇന്ന് കേരളാ കാബിനറ്റ് അംഗീകാരം നല്‍കും

google news
doctor

ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. 

കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയര്‍ന്ന ശിക്ഷ ഏഴ് വര്‍ഷം വരെയുള്ള തടവുമായിരിക്കും. നാശനഷ്ടങ്ങള്‍ക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണനയിലുണ്ട്. നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സമയബന്ധിത നിയമനടപടികള്‍ക്ക് വ്യവസ്ഥയുണ്ടാകും. നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ മറ്റൊരാവശ്യം. 

സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ വരെ നിയമപരിരക്ഷയില്‍ ഉള്‍പെടുത്താന്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇവരില്‍, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേര്‍ക്കാനാണ് ആലോചന. 

അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ മൂന്നില്‍ നിന്ന് 7 വര്‍ഷമാക്കും. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. അന്വേഷണം നടത്തി വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഉപകരണങ്ങള്‍ നശിപ്പിച്ചാല്‍ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്. 

Tags