കെപിസിസി പ്രസിഡന്റ് ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും, ആരെയാണോ പ്രസിഡന്റായി നിശ്ചയിക്കുന്നത് അവരെ എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാധ്യമങ്ങൾ ഓരോ ദിവസവും പല പേരുകൾ നൽകുന്നുണ്ടെന്നും, അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രസിഡന്റിനെ എപ്പോൾ നിയമിക്കണമെന്ന് തീരുമാനിക്കാൻ ഹൈക്കമാൻഡിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി, നിലവിലെ പ്രസിഡന്റ്, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. പ്രഖ്യാപനം വരുന്നത് വരെ മാധ്യമങ്ങൾ ക്ഷമിക്കണമെന്നും എ.പി. അനിൽകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് വൈദ്യുതി എത്തിക്കാനാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ബോർഡ് ചെയർമാനും ശ്രമിക്കുന്നത്. ഭാവിയിൽ എന്തെങ്കിലും പ്രതിസന്ധി ഉണ്ടാവുകയാണെങ്കിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
.jpg)

