'പാവപ്പെട്ട രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അന്നം മുട്ടിക്കുന്ന പണിയാണ് ആരോഗ്യമന്ത്രി ചെയ്യുന്നത്' ; ഇ പി ജയരാജന്‍
ജനങ്ങള്‍ തെരെഞ്ഞെടുത്ത് മന്ത്രിയായ ഒരാളുടെ ഭാഗത്ത് നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണിത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണത്തില്‍ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പാവപ്പെട്ട രോഗികളുടേയും അവരുടെ കൂട്ടിരിപ്പുകാരുടേയും അന്നം മുട്ടിക്കുന്ന പണിയാണ് ആരോഗ്യമന്ത്രി ചെയ്യുന്നതെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ തെരെഞ്ഞെടുത്ത് മന്ത്രിയായ ഒരാളുടെ ഭാഗത്ത് നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണിത്. ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം മാത്രമല്ല ഡിവൈഎഫ്ഐ നടക്കുന്നത്. രോഗികള്‍ക്ക് ആവശ്യമായ രക്തദാനം, അവയവദാനം, ആശ്രയമില്ലാത്ത രോഗികള്‍ക്ക് കൂട്ടിരിപ്പ്, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികളെ പരിചരിക്കലും ആംബുലന്‍സ് ലഭ്യമാക്കലും അടക്കം ഡിവൈഎഫ്ഐക്കാര്‍ ചെയ്യുന്നുണ്ട്. ഇതൊന്നും രാഷ്ട്രീയം നോക്കിയല്ല ഡിവൈഎഫ്ഐ നടപ്പാക്കിയതെന്നും ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
രാഷ്ട്രീയ വൈര്യത്തിന്റെ അതിപ്രസരത്തിന്റേയും അപക്വതയുടേയും ഭാഗമായിട്ടാണ് ഇത്തരത്തില്‍ പാവങ്ങളുടെ വയറ്റത്തടിക്കുന്ന നിലപാട് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ രോഗികളോടും അവര്‍ക്ക് കൂട്ടിരിക്കാനെത്തുന്ന അവരുടെ ബന്ധുക്കളോടും ചെയ്യുന്ന ഏറ്റവും നീചവും വൃത്തികെട്ടതുമായ ഒരു നിലപാടാണ്. എല്ലാ നേരവും വയറ് നിറച്ച് ഉണ്ണുന്ന മന്ത്രിക്കും ഉപദേശകര്‍ക്കും ഒരു നേരം ലഭിക്കുന്ന അന്നത്തിന്റെ വിലമനസ്സിലാകണമെന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
തങ്ങള്‍ക്കും തങ്ങളുടെ സംഘടനകള്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മറ്റ് പലരും ചെയ്യുന്നത് കാണുമ്പോള്‍ ഒരു മന്ത്രി എന്ന നിലയില്‍ അപക്വത കാണിക്കുകയല്ല വേണ്ടത്. ഇത്തരം നിലപാടുകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആരോഗ്യ മേഖലയെ തകര്‍ക്കുന്നതിലേക്ക് വഴിവെക്കും. ഇതുമാത്രമല്ല കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഡിവൈഎഫ്ഐ മുന്നിലുണ്ടെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ആശുപത്രികളെ മാലിന്യ മുക്തമാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ക്രിയാത്മകമായ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് യുവജനതയെ സംഘടിപ്പിച്ച് നടപ്പിലാക്കി വിജയകരമായി മുന്നോട്ടുപോകുന്ന സംഘടനായാണ് ഡിവൈഎഫ്ഐ. ഇതെല്ലാം നിര്‍ത്തലാക്കലാണോ ലക്ഷ്യമെന്നും ജയരാജന്‍ ചോദിച്ചു.
ഇത്തരം കാര്യങ്ങളില്‍ അപക്വമായി പ്രസ്താവനകള്‍ നടത്തി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ഗുണകരമാവില്ല. ഈ നിലപാടുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍, ഭരണ സംവിധാനങ്ങളെ ഉപയോഗിച്ച് അവയെല്ലാം തടയാനാണ് ലക്ഷ്യമെങ്കില്‍, നിലവില്‍ ഡിവൈഎഫ്ഐ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി തന്നെ തുടരും. ജനങ്ങളെയാകെ അണി നിരത്തി അവര്‍ക്കുള്ള പിന്തുണയും നല്‍കും എന്ന് പറഞ്ഞാണ് ഇ പി ജയരാജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
.jpg)

