ആര്‍എസ്എസിന്റെ വിനീത പാദസേവകരായി സര്‍ക്കാര്‍ മാറുന്നു; വഖഫില്‍ ആര്‍ക്ക് വേണ്ടിയാണ് നിലപാട് മാറ്റിയത്: പിണറായി വിജയന്‍
പിഎംശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ വിനീത പാദസേവകരായി സര്‍ക്കാര്‍ മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ആര്‍എസ്എസിന്റെ ന്യായം എങ്ങനെയാണ് കേരളത്തിലെ സര്‍ക്കാരിന് പരസ്യമായി ഉന്നയിക്കാന്‍ കഴിയുന്നതെന്നും ആര്‍ക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന പ്രമേയത്തിലെ സിപിഐഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍.
പിഎംശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ധാരണാപത്രം ഒപ്പുവെച്ചാല്‍ ഫണ്ട് കിട്ടും എന്ന സാഹചര്യമുണ്ടായി. അതിലേക്ക് പോകേണ്ടി വന്നു. എല്‍ഡിഎഫ് അത് ചര്‍ച്ച ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് എടുത്തതാണെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
പിഎംശ്രി അറബിക്കടലില്‍ എറിയുമെന്ന് തെരഞ്ഞെടുപ്പില്‍ പലരും വീരവാദം മുഴക്കി. അധികാരത്തില്‍ വന്നപ്പോള്‍ ശുദ്ധ നുണയാണ് പറയുന്നത്. പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്ന് പറഞ്ഞു. എന്നാല്‍ പിന്മാറാമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. എന്നാല്‍ പിന്മാറാന്‍ യുഡിഎഫ് സര്‍ക്കാരിന് നിലപാട് എടുക്കാന്‍ കഴിഞ്ഞില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
.jpg)

