ഒരു ദശാബ്ദമായി രജിസ്ട്രേഷൻ വകുപ്പിൽ അഴിമതി ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയൻ

The government has been able to eliminate corruption in the registration department for a decade Chief Minister Pinarayi Vijayan

പൊതുജനങ്ങളുമായി ഏറെ ബന്ധമുള്ള ഓഫീസുകളാണ് രജിസ്‌ട്രേഷൻ വകുപ്പിന്റേത്. അതുകൊണ്ടുതന്നെ അവ കാര്യക്ഷമമായും സുതാര്യമായും നിലനിർത്തുക എന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളത്.  

കണ്ണൂർ/ അഞ്ചരക്കണ്ടി : ഒരു ദശാബ്ദക്കാലമായി രജിസ്ട്രേഷൻ വകുപ്പിൽ അഴിമതി ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന രജിസ്ട്രേഷൻ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ' എന്നാൽ അഴിമതി പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. അക്കാര്യം നടന്നു വരുന്നതേയുള്ളൂ. ഉദ്യോഗസ്ഥരിൽ ഇപ്പോഴും അഴിമതിയുടെ ചില അംശങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. അത്തരക്കാരെ വിജിലൻസ് പിടിക്കുന്നുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി സുതാര്യമായ ഭരണമാണ് കേരളത്തിൽ നടക്കുന്നത്.

tRootC1469263">

സർക്കാർ ഒരിക്കലും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നില്ല അഴിമതി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട്. രാജ്യത്തെ മറ്റിടങ്ങളിൽ കമ്പിനികൾ ഏതുകരാർ പ്രവൃത്തിയെടുത്താലും നിശ്ചിത ശതമാനം ചില കേന്ദ്രങ്ങളിലേക്ക് പോകും. അതാണ് നടപ്പുരീതി. എന്നാൽ കേരളത്തിൽ ഇ-ടെൻഡർ മുഖേനെയാണ് കരാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ പദ്ധതിയുടെ മുഴുവൻ തുകയും ഇവിടെ ചെലവഴിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നമ്മുടെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ വളരെ നിർണ്ണായകമായ പങ്കു വഹിച്ചുപോരുന്ന ഒന്നാണ് രജിസ്‌ട്രേഷൻ വകുപ്പ്. സർക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സ് എന്നതിലുപരി, ജനങ്ങളുടെ സ്വത്തവകാശവും നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്നതിൽ ശ്ലാഘനീയമായ പങ്ക് വഹിക്കുക കൂടി ചെയ്യുന്ന വകുപ്പ്. ഈ വകുപ്പിന്റെ ചരിത്രത്തെകുറിച്ച് പറഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടമായിരുന്ന 'ബ്രൗൺസ് പ്ലാന്റേഷൻ' സ്ഥിതി ചെയ്തിരുന്നത് അഞ്ചരക്കണ്ടിയിലാണ്. അന്ന് അവിടെയെത്തിയ മർഡോക്ക് ബ്രൗൺ പ്രഭു സൈന്യത്തിന്റെ സഹായത്തോടെ സമീപപ്രദേശങ്ങൾ പിടിച്ചടക്കുകയും, കഴിയുന്നത്ര ഭൂസ്വത്ത് സമ്പാദിക്കുകയും ചെയ്തു.

ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും രേഖകൾ തയ്യാറാക്കാനുമായി അദ്ദേഹം തന്റെ ബംഗ്ലാവിൽ ഒരു ഓഫീസ് തന്നെ തുറന്നു. സ്വത്തുകളുടെ രേഖകൾ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി ഉടമസ്ഥർക്ക് കൈമാറുന്ന രീതിയാണ് നടന്നിരുന്നത്. എന്നാൽ തന്റെ അറിവില്ലാതെ ആ രേഖകളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ട അദ്ദേഹം പിന്നീട് അസൽ രേഖയുടെ ഒരു പകർപ്പ് തന്റെ ഓഫീസിൽ സൂക്ഷിക്കാനും പരിപാലിക്കാനും തുടങ്ങി.  

1865 ഫെബ്രുവരി 1 ന്, ആദ്യത്തെ സർക്കാർ അംഗീകൃത സബ് രജിസ്ട്രാർ ഓഫീസ് മർഡോക്ക് ബ്രൗൺ പ്രഭുവിന്റെ ബംഗ്ലാവിൽ പ്രവർത്തനം ആരംഭിച്ചു. കാലക്രമേണ ബംഗ്ലാവിൽ പ്രവർത്തിക്കുന്ന ഓഫീസിൽ രജിസ്ട്രേഷനു വേണ്ടി വന്നവരുടെ തിരക്ക് കാരണം ഈ സ്ഥലം അദ്ദേഹം സർക്കാരിന് നൽകി. 

1876 ൽ അവിടെ ഒരു പുതിയ കെട്ടിടം നിലവിൽ വന്നു. ഇതാണ് കേരള സംസ്ഥാനത്തെ ആദ്യത്തെ സബ് രജിസ്ട്രി ഓഫീസായ അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ്. നിർമ്മാണത്തിലെ വിസ്മയചാതുര്യമായ ഈ കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചുവരുന്നത്. ഈ ഓഫീസിൽ ആദ്യ ആധാരം രജിസ്റ്റർ ചെയ്തത് 1867 ജനുവരി 4 നാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ വർഷവും ജനുവരി 4 രജിസ്‌ട്രേഷൻ ദിനമായി ആചരിക്കുന്നത്. 

പൊതുജനങ്ങളുമായി ഏറെ ബന്ധമുള്ള ഓഫീസുകളാണ് രജിസ്‌ട്രേഷൻ വകുപ്പിന്റേത്. അതുകൊണ്ടുതന്നെ അവ കാര്യക്ഷമമായും സുതാര്യമായും നിലനിർത്തുക എന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളത്.  കഴിഞ്ഞ ദശാബ്ദക്കാലം പരിശോധിച്ചാൽ ആർക്കുമിത് ബോദ്ധ്യപ്പെടും. 'അഴിമതിയില്ലാത്ത, സുതാര്യമായ, ജനസൗഹൃദ ഭരണസംവിധാനം' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ രജിസ്‌ട്രേഷൻ വകുപ്പ് ഒരു  മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളത്.

നേരത്തെ ഉണ്ടായിരുന്ന  സങ്കല്പങ്ങളെയെല്ലാം തിരുത്തിക്കുറിക്കാൻ സർക്കാരിനു സാധിച്ചു. മുമ്പ് സാധാരണക്കാർ തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ഉപയോഗിച്ച് ഒരു തുണ്ട് ഭൂമി വാങ്ങുമ്പോൾ, അത് രജിസ്റ്റർ ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതും ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാകേണ്ടി വരുന്നതും പതിവായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയിലെല്ലാം  മാറ്റം വന്നിരിക്കുന്നു. 

അഴിമതിയുടെ ആ പഴയ വേരുകൾ വലിയൊരളവോളം തുടച്ചുനീക്കാൻ സർക്കാരിനു കഴിഞ്ഞു. 'ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ അംഗീകരിക്കില്ല' എന്ന വ്യക്തമായ സന്ദേശം നൽകിയതിലൂടെ വകുപ്പിൽ സുതാര്യതയും വേഗതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കഴിഞ്ഞു. ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് പണമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല എന്ന  നിലപാട് തന്നെയാണ് നേരത്തെയും സ്വീകരിച്ചത്,  ഇനിയും തുടരുക തന്നെ ചെയ്യും

ഇന്ന് കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമായി മാറിയിരിക്കുന്നു. വസ്തു രജിസ്‌ട്രേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സർക്കാരിനു കഴിഞ്ഞു. 'എനിവെയർ രജിസ്‌ട്രേഷൻ' എന്ന സംവിധാനത്തിലൂടെ ഒരു ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ആധാരം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇന്നുണ്ട്. 

മുദ്രപ്പത്രങ്ങളുടെ ലഭ്യതക്കുറവും കരിഞ്ചന്തയും അവസാനിപ്പിക്കാൻ ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള ഇടപാടുകൾക്കും ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കിയതോടെ വസ്തു രജിസ്‌ട്രേഷൻ നടപടികളിൽ സുതാര്യത വർദ്ധിച്ചു. ഇന്ന് പോക്കുവരവ് നടപടികൾപോലും റവന്യൂ വകുപ്പുമായി ഏകോപിപ്പിച്ച് ഓൺലൈനായി നടക്കുന്നു എന്നത് വലിയൊരു മുന്നേറ്റമാണ്. 

ഈക്കാലയളവിൽ രജിസ്‌ട്രേഷൻ വകുപ്പിൽ ആധുനികവത്ക്കരണത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പഴയ കെട്ടിടങ്ങളിൽ നിന്നും ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫീസുകളിലേക്ക് രജിസ്‌ട്രേഷൻ വകുപ്പ് മാറിക്കൊണ്ടിരിക്കുകയാണ്.  ഇന്ന് അവാർഡ് സ്വീകരിക്കുന്ന ഓഫീസുകൾ ഇക്കാര്യത്തിൽ കാണിച്ച മികവ് അഭിനന്ദനാർഹമാണ്.കേരളം രാജ്യത്തിനുതന്നെ മാതൃകയാകുന്ന നിരവധി പുരോഗമനപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടമാണിത്. രജിസ്‌ട്രേഷൻ വകുപ്പും ഇതിൽ പിന്നിലല്ല. ഭിന്നലിംഗക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തുല്യനീതി ഉറപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടുതൽ ലളിതമാക്കി. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള നോട്ടീസുകൾ ഓൺലൈനിൽ ലഭ്യമാക്കിയതും അതിൽ സുതാര്യത ഉറപ്പാക്കിയതും ഈ സർക്കാരിന്റെ കാലത്താണ്.

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നാം അടുക്കുമ്പോൾ, ദരിദ്ര വിഭാഗങ്ങൾക്ക് ഭൂമി രജിസ്റ്റർ ചെയ്യുന്നതിനും വീട് വയ്ക്കുന്നതിനും ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകൾ നൽകി സർക്കാർ അവരെ ചേർത്തുപിടിച്ചു. ലൈഫ് മിഷൻ വഴി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീട് നൽകുമ്പോൾ, ആ ഉടമ്പടികളുടെ രജിസ്‌ട്രേഷൻ വേഗത്തിലും ആയാസരഹിതമായും പൂർത്തിയാക്കാൻ വകുപ്പ് ജീവനക്കാർ എടുത്ത അധ്വാനം മറക്കാനാവില്ല. 

അതോടൊപ്പംതന്നെ നികുതിസമാഹരണത്തിലും നിങ്ങളുടെ ഇടപെടൽ കാര്യക്ഷമമായിരുന്നു. അതിന്റെ തെളിവാണ് ഈ വകുപ്പിന്റെ സാമ്പത്തിക വരുമാനത്തിൽ ഓരോ വർഷവും വരുന്ന വർദ്ധനവെന്നും മുഖ്യ മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി അദ്ധ്യക്ഷനായി. വി. ശിവദാസൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ 'വിവിധ കക്ഷി നേതാക്കളായ കെ.കെ.രാഗേഷ്, ടി.കെ.എ ഖാദർ, ടി.ഭാസ്കരൻ, വി.സി വാമനൻ, സി. മുനീർ,വി.കെ ഗിരിജൻ അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ സീന തുടങ്ങിയവർ പ ങ്കെടുത്തു. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽകെ.മീര ഐ എ എസ് സ്വാഗതവും അഡീഷനൽ സെക്രട്ടറി എം.വി പ്രമോദ് നന്ദിയും പറഞ്ഞു.

Tags