സര്‍ക്കാരും സിസ്റ്റവും അതിജീവിതമാരെ നിശബ്ദമാക്കുന്നു ; പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗീക അതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

women
women

സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കുറിപ്പ്.

സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). സര്‍ക്കാരും സിസ്റ്റവും അതിജീവിതമാരെ നിശബ്ദമാക്കുന്നുവെന്നും അതിജീവിത കൂടുതല്‍ സമ്മര്‍ദത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കുറിപ്പ്.

tRootC1469263">

'30ാ മത് കേരള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സിനിമ സെലക്ഷന്‍ സ്‌ക്രീനിംഗ് സമയത്ത് സംവിധായകന്‍ പി ടി കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തി എന്നറിയിക്കുന്ന കോണ്‍ഫിഡന്‍ഷ്യല്‍ കത്ത് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് അയക്കുന്നത് നവംബര്‍ 25 നു അറിയിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഐഎഫ്എഫ്കെയില്‍ സിനിമകള്‍ തിരഞ്ഞെടുക്കാനായി പോയതിനിടക്ക് നടന്ന സംഭവമായിരുന്നു അത്. എന്നിട്ടും ചലച്ചിത്രപ്രവര്‍ത്തകക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ല എങ്കിലും ചില നടപടികള്‍ എടുക്കുകയുണ്ടായി. നവംബര്‍ മുപ്പതാം തീയതി ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത് വീണ്ടും എട്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. അതും ഏറെ തവണ അതിജീവിത അതിനായി ആവശ്യപ്പെട്ടതിനു ശേഷം' ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'മുപ്പതാം തീയതിയെടുത്ത മൊഴി എഫ്ഐആര്‍ ആകാന്‍ എന്തുകൊണ്ട് ഇത്രയും വൈകി എന്നതിനു പൊലീസ് ഒരു കാരണവും അറിയിച്ചില്ല. ഈ എട്ട് ദിവസങ്ങളില്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ റസൂല്‍ പൂക്കുട്ടി, വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ അതിജീവിതയോട് ഫോണിലും നേരിട്ടും സംസാരിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ നടപ്പില്‍ വരുത്തിയത് കുഞ്ഞുമുഹമ്മദിന്റെ പേര് ഐഎഫ്എഫ്കെ ഹാന്‍ഡ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുകയും അയാളെ ചലച്ചിത്ര മേളയില്‍ ക്ഷണിക്കാതിരിക്കുകയും ചെയ്യലാണ്. ഇത്തരം പ്രശ്നങ്ങള്‍ ഇനി മേലില്‍ സംഭവിക്കാതിരിക്കാന്‍ അക്കാദമിക് ചെയ്യാന്‍ കഴിയുന്ന ദീര്‍ഘകാല പരിഹാരങ്ങള്‍ ഐഎഫ്എഫ്കെ വേദിയില്‍ പ്രഖ്യാപിക്കുമെന്നും സീറോ ടോളറന്‍സ് പോളിസി നിര്‍ബന്ധമായും നടപ്പില്‍ വരുത്തുമെന്നും പറഞ്ഞത് വീണ്ടും വാഗ്ദാനമായി അവശേഷിക്കുന്നു. കേരള വിമന്‍സ് കമ്മീഷന്‍ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടര്‍ച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.മാധ്യമങ്ങള്‍ കേസിനെക്കുറിച്ചുള്ള വിവരം പുറത്ത് വിടുന്നതിന് തൊട്ടുമുന്‍പ് വരെ ചലച്ചിത്ര പ്രവര്‍ത്തകയോട് പതിനാല് ദിവസം വരെ എഫ്ഐആര്‍ വൈകാമെന്ന് പറഞ്ഞ പൊലീസ്, മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തതിന് തൊട്ട് പിന്നാലെ എഫ്ഐആര്‍ രേഖപ്പെടുത്തി. ഇതിനിടക്ക് കുഞ്ഞു മുഹമ്മദിനൊപ്പം പല കാലഘട്ടങ്ങളില്‍ ജോലിചെയ്യേണ്ടി വന്ന സ്ത്രീകളില്‍ പലരും അവര്‍ക്കുനേരെ അയാള്‍ നടത്തിയിട്ടുള്ള നിരന്തരമായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എഴുതി തുടങ്ങിയിരിക്കുന്നു. ഭരണപക്ഷത്തുള്ള സ്ത്രീ നേതാക്കള്‍, അതിജീവിതയോട് ഇതില്‍ ഉറച്ചു നില്‍ക്കണം ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. വേറൊരു വശത്ത് ഭരണപക്ഷത്തിന്റെ പ്രതിനിധികളും സിനിമയിലെ തലമുതിര്‍ന്ന പ്രവര്‍ത്തകരും കുഞ്ഞുമുഹമ്മദിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കണക്കിലെടുത്ത് അയാളെ വെറുതെ വിടണമെന്ന് ചലച്ചിത്ര പ്രവര്‍ത്തകയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അതിജീവിത കൂടുതല്‍ സമ്മര്‍ദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു.' കുറിപ്പില്‍ പറയുന്നു.


'ജാമ്യമില്ലാവകുപ്പില്‍ ഡിസംബര്‍ എട്ടാം തീയതി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്മേല്‍ ഉടന്‍ തന്നെ അറസ്റ്റ് നടത്താതെ 9,11 തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പും 12 മുതല്‍ 19 വരെ നടന്ന ഐഎഫ്എഫ്കെയും കഴിയുന്നത് വരെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അധികാരികള്‍ അടയിരുന്നു. അവസാനം ജാമ്യാപേക്ഷയുടെ സെഷന്‍സ് കോടതിയിലെ വാദത്തിനു ശേഷം പ്രതിയുടെ പ്രായം പരിഗണിച്ച് ജാമ്യം ലഭിക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി അയാളെ ജാമ്യത്തില്‍ വിട്ടു. പ്രസ്തുത പീഡകന്‍ പി ടി കുഞ്ഞു മുഹമ്മദ് രക്ഷപ്പെട്ടു അല്ലെങ്കില്‍ രക്ഷപ്പെടുത്തി എന്നാണ് അയാള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ കരുതുന്നത്. അതിലൂടെ സിസ്റ്റം ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നു വീണ്ടും വ്യക്തമായിരിക്കുന്നു. നീതിന്യായ വ്യവസ്ഥയും ഗവണ്‍മെന്റിന്റെ സിസ്റ്റവും രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്ദമാക്കികൊണ്ടിരിക്കുന്നു!. 'അവള്‍ക്കൊപ്പം' എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്.
പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവത്തതാണ്. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി വ്യവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നതിനു എളിയ ശ്രമമാണ് ഞങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത്. അതിനിയും തുടരുകതന്നെ ചെയ്യും. ആണ്‍ അധികാരത്തിന്റെ മറവില്‍ നിശബ്ദമാക്കപ്പെട്ട ഒട്ടനവധി അതിജീവിതമാര്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു.' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

Tags